ന്യൂദൽഹി - വിമർശകർ ആക്ഷേപിക്കുന്ന പോലെ താൻ ഹിന്ദു വിരുദ്ധനല്ലെന്നും എന്നാൽ മോഡി വിരുദ്ധനാണെന്നും പരസ്യമായി പ്രഖ്യാപിച്ച് പ്രമുഖ നടൻ പ്രകാശ് രാജ്. ഹൈദരാബാദിൽ ഇന്ത്യാ ടുഡേ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിലാണ് അദ്ദേഹം മോഡിക്കും സംഘപരിവാറിനുമെതിരായ നിലപാട് വ്യക്തമാക്കിയത്. 'അവർ പറയുന്നത് ഞാൻ ഹിന്ദു വിരുദ്ധനെന്നാണ്. എന്നാൽ ഞാൻ മോഡി വിരുദ്ധനും അമിത് ഷാ വിരുദ്ധനും ഹെഗ്‌ഡെ വിരുദ്ധനുമാണ്,' പ്രകാശ് രാജ് വ്യക്തമാക്കി.
കർണാടകയിലെ സിർസിയിൽ പ്രകാശ് രാജ് പങ്കെടുത്ത ഒരു പരിപാടി നടന്ന വേദിയിൽ ബി.ജെ.പി യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ച പ്രവർത്തകർ ഗോ മൂത്രം തെളിച്ചിരുന്നു. താൻ പ്രസംഗിച്ചിടത്ത് 'പരിശുദ്ധമായ' ഗോമൂത്രം തളിച്ചതിനെ പരിഹസിച്ച് കഴിഞ്ഞ ദിവസം പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരുന്നു.
കൊലയാളികളെ പിന്തുണയ്ക്കുന്നവരെ ഹിന്ദു എന്നു വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ മോഡിയെ പിന്തുണയ്ക്കുന്നവർ അത് ആഘോഷിച്ചു. ഇതിനെതിരെ പ്രതികരിക്കാൻ ആവശ്യപ്പെട്ടപ്പോൾ മോഡി മൗനം തുടരുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു ഹീനകൃത്യത്തെ പിന്തുണയ്ക്കുന്നവരെ ഹിന്ദു എന്നു വിളിക്കാനാവില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഇതിനിടെ സദസ്സിലുണ്ടായിരുന്ന തെലങ്കാന ബിജെപി വക്താവ് കൃഷ്ണ സാഗർ റാവും പ്രതിഷേധിച്ചു. എന്നാൽ തന്നെ ഹിന്ദു വിരുദ്ധനെന്ന് നിങ്ങൾക്കു വിളിക്കാമെങ്കിൽ നിങ്ങൾ ഹിന്ദുവല്ലെന്ന് പറയാനുള്ള അവകാശം തനിക്കുമുണ്ടെന്നും നടൻ തിരിച്ചടിച്ചു.