Sorry, you need to enable JavaScript to visit this website.

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ നിരവധി ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കണ്ടെത്തല്‍

ന്യൂയോര്‍ക്ക്- നിരവധി സര്‍ക്കാര്‍ ജീവനക്കാരെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമൊ ലൈംഗികമായി പീഡിപ്പിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സംസ്ഥാന അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ്. നിലവില്‍ സര്‍വീസില്‍ ഉള്ളവരും മുന്‍ ജീവനക്കാരും ഉള്‍പ്പെടെയുള്ളവരെയാണ് കുമോ ലൈംഗികമായി ഉപദ്രവിച്ചത്. 179 പേരില്‍ നിന്ന് മൊഴിയെടുത്ത് രണ്ട് അഭിഭാഷകരുടെ നേതൃത്വത്തില്‍ നടന്ന അഞ്ചു മാസം നീണ്ട അന്വേഷണത്തിലാണ് കുമൊയെ കുരുക്കിലാക്കിയ കണ്ടെത്തല്‍. കുമൊയുടെ കീഴിലുള്ള ഭരണകൂടം ശത്രുതാപരമാ തൊഴില്‍ അന്തരീക്ഷത്തിലായിരുന്നുവെന്നും ഭയവും ഭീഷണിയും ഉണ്ടായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. കുമൊക്കേതിരെ പരാതി നല്‍കിയവര്‍, സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ മറ്റു ജീവനക്കാര്‍ തുടങ്ങി ഗവര്‍ണറുമായി പതിവായി ബന്ധപ്പെട്ടിരുന്നവരില്‍ നിന്നാണ് അന്വേഷണം സംഘം മൊഴിയെടുത്തത്. ഈ മൊഴികളില്‍ നിന്നും തെളിവുകളില്‍ നിന്നും കുമൊ നിരവധി പേരെ പീഡിപ്പിച്ചെന്ന് വ്യക്തമാണെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. 

കുമൊയ്‌ക്കെതിരെ കൂടെ ജോലി ചെയ്തിരുന്നവരും പൊതുപരിപാടികളില്‍ കണ്ടുമുട്ടിയവരും ഉള്‍പ്പെടെ നിരവധി വനിതകളാണ് പരാതികളുമായി രംഗത്തു വന്നിരുന്നത്. കുമൊ തന്റെ മുലയില്‍ പിടിച്ചെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഒരു വനിതാ ജീവനക്കാരി ആരോപിച്ചിരുന്നു. ഓഫീസിലെ ഒരു യോഗത്തിനു ശേഷം തന്റെ ചുണ്ടില്‍ കുമൊ ചുംബിച്ചെന്നും മറ്റു ശരീരഭാഗങ്ങളില്‍ പിടിച്ചെന്നും മറ്റൊരു ജീവനക്കാരിയായ ലിന്‍ഡ്‌സെ ബോയ്‌ലന്‍ പരാതിപ്പെട്ടിരുന്നു.
 

Latest News