Sorry, you need to enable JavaScript to visit this website.

ഫലം വരുന്നതിനുമുമ്പേ ജോലിക്ക് കയറണമെന്ന നിര്‍ദേശം തള്ളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍

തൃശൂര്‍ - അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞാല്‍ റിസള്‍ട്ടിനു കാത്തു നില്‍ക്കാതെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ ജോലിക്കു കയറണമെന്ന സര്‍ക്കാര്‍ ഉത്തരവ് വിദ്യാര്‍ത്ഥികള്‍ തള്ളി.
ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറുടെ ഈ നിര്‍ദ്ദേശം പാലിക്കാന്‍ പറ്റില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ശനിയാഴ്ച പരീക്ഷ കഴിഞ്ഞ് തിങ്കളാഴ്ച ആശുപത്രിയില്‍ രോഗീ പരിചരണത്തിന് കയറണമെന്ന നിര്‍ദ്ദേശമാണ് അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ അവഗണിച്ചത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലാവധി കഴിഞ്ഞ ഹൗസ് സര്‍ജന്‍മാര്‍ പോയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് ആ ഒഴിവുകളിലേക്ക് അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെ നിയമിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വന്നത്. സാധാരണ അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞ് അതില്‍ പാസായതിനു ശേഷമാണ് ഹൗസ് സര്‍ജന്‍സിക്ക് അനുവദിക്കു. അത്തരം ഹൗസ് സര്‍ജന്‍മാര്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ജൂനിയര്‍ റസിഡന്റ് ഓഫീസര്‍ പദവിയില്‍ 42,000 രൂപ ശമ്പളത്തില്‍ നിയമിക്കുകയാണ് പതിവ്. അതിനു പകരം ഹൗസ് സര്‍ജന്‍മാരുടെ ജോലിയാണ് അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെക്കൊണ്ട് ചെയ്യിക്കാനൊരുങ്ങുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ ഇത്തരം സേവനങ്ങള്‍ക്കുപയോഗിക്കാമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ഉത്തരവിറക്കിയിരുന്നു. ഇതു പ്രകാരമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്താന്‍ നീക്കം നടന്നത്. ഇതുപ്രകാരം 140 വിദ്യാര്‍ത്ഥികളാണ് സേവനത്തിനായി ആശുപത്രിയിലെത്തേണ്ടത്. 2016 എം.ബി.ബി.എസ് ബാച്ച് വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അടുത്ത ദിവസം മുതല്‍ അതാത് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഡ്യൂട്ടിക്കായി കയറണമെന്നാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നത്.
രണ്ടാഴ്ച മുന്‍പാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 109 ഹൗസ് സര്‍ജന്‍മാരുടെ കാലാവധി അവസാനിച്ചത്. ഇവര്‍ പോയതോടെ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിരുന്നു. ആശുപത്രിയിലെ എല്ലാ വാര്‍ഡുകളിലും മുഴുവന്‍ സമയവും ഇവരുടെ സേവനമുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെയൊഴികെ വാര്‍ഡിലെ രോഗികളെ ഇവരാണ് നോക്കിയിരുന്നത്. അവരുടെ രക്തസാമ്പിളുകളെടുത്തിരുന്നതും ഒ.പികളിലെത്തുന്ന രോഗികളെ ആദ്യം പരിശോധിക്കുന്നതും ഹൗസ് സര്‍ജന്‍മാരായിരുന്നു.
ഇത്തരം ജോലികള്‍ക്കായി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ നിയോഗിച്ച ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ ജോലിക്കു കയറാന്‍ വിസമ്മതിച്ചത്.
ജോലിക്കു കയറണമെന്നല്ലാതെ തങ്ങള്‍ക്കുള്ള വേതനമോ സ്‌റ്റൈപ്പന്റോ ആനുകൂല്യങ്ങളോ സംബന്ധിച്ച് യാതൊരു തീരുമാനവും ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്നു തസ്തിക സംബന്ധിച്ചും ആശയക്കുഴപ്പമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 

Latest News