ബെംഗളുരു- പുതിയ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റ ബസവരാജ് ബൊമ്മൈയുടെ കീഴിലുള്ള പുതിയ മന്ത്രിസഭയില്‍ 26 പുതിയ മന്ത്രിമാരുണ്ടാകുമെന്നും സത്യപ്രതിജ്ഞ ബുധനാഴ്ച വൈകീട്ട് അഞ്ചു മണിക്ക് രാജ്ഭവനില്‍ നടക്കുമെന്നും ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. മന്ത്രിസഭാ രൂപീകരണത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി മുഖ്യമന്ത്രി ബൊമ്മൈയ്ക്ക് ലഭിച്ചിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ക്ക് അദ്ദേഹം ഏതാനും ദിവസം ദല്‍ഹിയില്‍ ഉണ്ടായിരുന്നു.
മന്ത്രിസഭയില്‍ ഇടംതേടി പല നേതാക്കളും ബൊമ്മൈയെ സമീപിച്ചിരുന്നു. പല മുന്‍ മന്ത്രിമാരും അദ്ദേഹത്തെ നേരിട്ട് കാണുകയും ചെയ്തിരുന്നു. നിരവധി പേര്‍ രംഗത്തു വന്നതോടെ മന്ത്രിസഭാ രൂപീകരണം നീണ്ടു പോകുകയായിരുന്നു. തുടര്‍ന്നാണ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ക്ക് ബൊമ്മൈ ദല്‍ഹിക്കു പറന്നത്. പാര്‍ട്ടിക്കുള്ളിലെ പലവിധ സമ്മര്‍ദ്ദ ശക്തികളെ അതിജീവിക്കുകയാണ് ബൊമ്മൈ നേരിടുന്ന വെല്ലുവിളി. മന്ത്രിസഭാ രൂപീകരണത്തില്‍ താന്‍ ഇടപെടില്ലെന്ന് അധികാരമൊഴിഞ്ഞ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. ജൂലൈ 26നാണ് യെദ്യൂരപ്പ രാജിവച്ചത്. ജൂലൈ 28ന് ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭാ വികസനത്തിന് സമയമെടുക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.