ന്യൂദല്‍ഹി- തലസ്ഥാനത്തെ ഞെട്ടിച്ച് ഒന്‍പതുകാരിയുടെ ക്രൂരമായ കൊലപാതകം. കൂട്ട മാനഭംഗത്തിനിരയാക്കിയാണു ദളിത് വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായതോടെ ദല്‍ഹി കന്റോണ്‍മെന്റിനോട് ചേര്‍ന്ന പുരാന നംഗല്‍ ഗ്രാമത്തില്‍ രൂക്ഷ പ്രതിഷേധം ഉയര്‍ന്നു. കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പറഞ്ഞ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അവരെ സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കി.
കുറ്റവാളികള്‍ക്ക് മരണ ശിക്ഷ തന്നെ നല്‍കണമെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. പ്രദേശത്ത് ഇന്നലെ പ്രതിഷേധം രൂക്ഷമായതോടെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. കുറ്റവാളികള്‍ക്കു ശിക്ഷ ഉറപ്പാകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ആസാദ് വ്യക്തമാക്കി.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനോട് ചേര്‍ന്നുള്ള ശ്മശാനത്തിലെ കൂളറില്‍ നിന്നു തണുത്ത വെള്ളം എടുക്കാന്‍ പുറത്തേക്കു പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ആറു മണിയായപ്പോള്‍ ശ്മശാനത്തിലെ പൂജാരി രാധേ ശ്യാം പെണ്‍കുട്ടിയുടെ അമ്മയുടെ അടുത്തെത്തി കുട്ടി കൂളറില്‍നിന്നു ഷോക്കേറ്റ് മരിച്ചുവെന്ന് പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും മറ്റും മുറിവുകളും പാടുകളുമുണ്ടായിരുന്നതായും ചുണ്ടുകള്‍ നീലിച്ചിരുന്നുവെന്നും അമ്മ പറഞ്ഞുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഇജ്‌നിത് പ്രതാപ് സിംഗ് പറഞ്ഞു.
പൂജാരി രാധേ ശ്യാമും കൂട്ടാളികളും പെണ്‍കുട്ടിയുടെ കുടുംബത്തോട് പോലീസില്‍ വിവരം അറിയിക്കരുതെന്നു ശഠിച്ചു. കേസ് കൊടുത്താല്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിച്ചെടുക്കുമെന്നും ഇവര്‍ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മയുടെ അനുവാദമില്ലാതെ മൃതദേഹം ദഹിപ്പിച്ചു. അതോടെ സ്ത്രീ ബഹളം വെച്ചു ഭര്‍ത്താവിനെ വിളിച്ചു വരുത്തിയെങ്കിലും പൂജാരിയും കൂട്ടാളികളും ചേര്‍ന്ന് ഇയാളെ മര്‍ദിക്കുകയും ചെയ്തു. അതോടെ നാട്ടുകാര്‍ തടിച്ചുകൂടി പോലീസിനെ അറിയിക്കുകയായിരുന്നു. അതോടെ പൂജാരിയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.
ശ്മശാനത്തിലെ പൂജാരി രാധേ ശ്യാം, സഹായികളായ ലക്ഷ്മി നാരായണ്‍, കുല്‍ദീപ്, പ്രദേശവാസി സലിം എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാവ് ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റവും തെളിവ് നശിപ്പിക്കലും പോക്‌സോ കുറ്റവും ചുമത്തിയിട്ടുണ്ട്. കേസില്‍ പോലീസ് ആദ്യം മാനഭംഗ കുറ്റം ചുമത്തിയിരുന്നില്ല. പിന്നീട് പ്രതിഷേധം രൂക്ഷമാകുകയും പട്ടികജാതി ദേശീയ കമ്മീഷന്‍ ഇടപെടുകയും ചെയ്തതോടെ ഈ വകുപ്പു കൂടി ചുമത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ചു പോലീസില്‍ വിവരം അറിയിച്ചിട്ടും കേസെടുക്കാന്‍ വൈകിച്ച പോലീസുകാര്‍ കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്തുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മിക്കവാറും ശ്മശാനത്തില്‍ തന്നെ കഴിയാറുള്ള രാധേശ്യമും കൂട്ടാളികളും ചൂതാട്ടവും മയക്കുമരുന്നുപയോഗവും മദ്യപാനവും പതിവായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.