ന്യൂദല്‍ഹി- രാജ്യത്തെ രൂക്ഷമായ ആരോഗ്യ പ്രതിസന്ധിയിലാക്കിയ കോവിഡ് രണ്ടാം തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും എട്ട് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം ഉയരുകയാണെന്നും ദേശീയ കോവിഡ് ദൗത്യ സേനാ അധ്യക്ഷന്‍ ഡോ. വി കെ പോള്‍. എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ (വൈറസ് പുനരുല്‍പ്പാദന നിരക്ക്) ഉയരുന്നത് കാര്യമായ ഒരു പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു. 44 ജില്ലകളില്‍ ഇപ്പോഴും പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ഡെല്‍റ്റ വകഭേദം വ്യാപിച്ചുണ്ടായ രണ്ടാം തരംഗ ഇപ്പോഴും അടങ്ങിയിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ 18 ജില്ലകളില്‍ ഇത് ഉയരുന്ന പ്രവണതയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. വൈറസ് പുനരുല്‍പ്പാദന നിരക്ക് (ആര്‍-ഫാക്ടര്‍) ഉയരുന്നത് ആശങ്കയാണെന്നും ഇത് സൂചിപ്പിക്കുന്നത് വൈറസിന്റെ വ്യാപന വേഗതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിരക്ക് 0.6-നു താഴെ നില്‍ക്കണം. ഇത് ഒന്നിനു മുകളിലാണെങ്കില്‍ ഇത് ഗൗരവ പ്രശ്‌നമാണെന്നും വൈറസ് വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളുടെ എണ്ണം മുന്‍ ആഴ്ചയെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. സംസ്ഥാന തലത്തിലും പോസിറ്റിവിറ്റി കൂടിയ ജില്ലകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പുതിയ സംസ്ഥാനങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന ജില്ലകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് ഡോ. പോള്‍ പറഞ്ഞു.
ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, തമിഴ്‌നാട്, മിസോറാം, കര്‍ണാടക, പുതുച്ചേരി, കേരള എന്നീ സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ ഒന്നിനു മുകളിലാണ്. ആന്ധ്രയിലും മഹാരാഷ്ട്രയിലും മാത്രമാണ് ഇത് കുറയുന്ന പ്രവണതയുള്ളത്. ബംഗാള്‍, നാഗാലാന്‍ഡ്, ഹരിയാന, ഗോവ, ദല്‍ഹി, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ആര്‍ ഫാക്ടര്‍ ഒന്ന് ആണ്. ആര്‍ ഫാക്ടര്‍ ഒന്നിനു മുകളിലായാല്‍ അതിനര്‍ത്ഥം രോഗ വ്യാപനം മുകളിലേക്ക് ഉയരുന്നു എന്നാണ്. ഇത് നിയന്ത്രിക്കേണ്ടതുണ്ട്- കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ അഗര്‍വാല്‍ പറയുന്നു.
എന്താണ് ആര്‍-ഫാക്ടര്‍/ ആര്‍-വാല്യൂ?
വൈറസിന്റെ പുനരുല്‍പ്പാദന നിരക്കിനെ സൂചിപ്പിക്കുന്ന പദമാണ് ആര്‍-ഫാക്ടര്‍. ഇത് ആര്‍-വാല്യൂ, ആര്‍-നമ്പര്‍ എന്നും വിളിക്കപ്പെടുന്നു. വൈറസ് ബാധിച്ച ഒരു വ്യക്തിയില്‍ നിന്നും രോഗം എത്ര പേരിലേക്ക് പടരുന്നു എന്നതിനെ സൂചിപ്പിക്കുന്ന കണക്കാണ് ആര്‍-ഫാക്ടര്‍. ഉദാഹരണത്തിന് ഒരു പ്രദേശത്ത് കോവിഡിന്റെ ആര്‍-ഫാക്ടര്‍ ഒന്ന് ആണെങ്കില്‍ രോഗം ബാധിച്ച ഒരോ വ്യക്തിയും മറ്റൊരു വ്യക്തിയിലേക്കു കൂടി രോഗം പടര്‍ന്നു നല്‍കുന്നു.