ന്യൂദല്‍ഹി- ഇസ്രാഈലി ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരേയും പ്രതിപക്ഷ നേതാക്കളേയും ജഡ്ജിമാരേയും രഹസ്യമായി നിരീക്ഷിച്ച സംഭവം അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്നാണ് രാജ്യത്തെ മുതിര്‍ന്ന എഡിറ്റര്‍മാരുടെ സംഘടനയായ ഗില്‍ഡിന്റെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ചുള്ള ഒരു പറ്റം ഹര്‍ജികള്‍ വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശി കുമാര്‍, സിപിഎം എംപിയും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകന്‍ എം എല്‍ ശര്‍മ എന്നിവരാണ് നേരത്തെ ഈ ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചവര്‍. പെഗസസ് ഉപയോഗിച്ച് ഫോണുകള്‍ ചോര്‍ത്താനും രഹസ്യ നിരീക്ഷണം നടത്താനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മതിയായ അനുമതി ലഭിച്ചിരുന്നോ എന്ന് സര്‍ക്കാരിനോട് വെളിപ്പെടുത്താന്‍ ആവശ്യപ്പെടണമെന്നും ഹര്‍ജികളില്‍ ആവശ്യപ്പെടുന്നു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ തകുര്‍ത്ത ഉള്‍പ്പെടെ നാല്‍പതോളം മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളാണ് പെഗസസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയതെന്ന് ദി വയര്‍ റിപോര്‍ട്ട് ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി, രണ്ട് കേന്ദ്ര മന്ത്രിമാര്‍, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ തുടങ്ങി ആകെ 142 പേരുകളാണ് ഈ പട്ടികയില്‍ ഉള്ളത്.