Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ പീഡിപ്പിച്ച്  ഗര്‍ഭിണിയാക്കി മുങ്ങി; പ്രതിയ്ക്ക്  ഫ്രണ്ട് റിക്വസ്റ്റ് അയച്ച് എസ്‌ഐ തന്നെ അയാളെ കുടുക്കി

ന്യൂദല്‍ഹി- പീഡനക്കേസിലെ പ്രതിയെ പോലീസ് ഉദ്യോഗസ്ഥയെ ഉപയോഗിച്ച് തന്ത്രപരമായി കണ്ടെത്തി അറസ്റ്റ് ചെയ്ത് ദല്‍ഹി പോലീസ്. ഒരു പെണ്‍കുട്ടി നല്‍കിയ പരാതി അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സബ് ഇന്‍സ്‌പെക്ടറായ ഉദ്യോഗസ്ഥ കണ്ടെത്തിയത്. 16 വയസുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമുള്ള വിവരം പോലീസിനു ലഭിച്ചത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് പരാതി നല്‍കാന്‍ കുട്ടി സമ്മതിച്ചു.
ഏതാനും മാസം മുന്‍പാണ് പ്രതിയായ യുവാവിനെ പരിചയപ്പെട്ടതെന്നും വീടിന്റെ അടുത്തു തന്നെയാണ് ഇയാള്‍ താമസിക്കുന്നതെന്നും കുട്ടി അറിയിച്ചു. ഇരുവരും തമ്മില്‍ ലൈംഗികബന്ധമുണ്ടായെന്നും എന്നാല്‍ പിന്നീട് ഇയാള്‍ കുട്ടിയെ അവഗണിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു.
പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കണ്ടെത്താനായിരുന്നു പോലീസിന്റെ ആദ്യശ്രമം. പ്രതിയുടെ പേരിലുള്ള നൂറിലധികം ഫേസ്ബുക്ക് പ്രൊഫൈലുകളാണ് സബ് ഇന്‍സ്‌പെക്ടറായ പ്രിയങ്ക സൈനി കണ്ടെത്തിയത്. ഇതില്‍ ഒരു അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് പ്രതിയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പുതിയൊരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ഉദ്യോഗസ്ഥ പ്രതിയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയായിരുന്നു. ഇയാള്‍ റിക്വസ്റ്റ് സ്വീകരിച്ചതോടെ ഇയാളുമായി ചാറ്റിങ് ആരംഭിച്ചു. വിവരങ്ങള്‍ പുറത്തു പറയാന്‍ ആദ്യം പ്രതി ഒരുക്കമല്ലായിരുന്നെങ്കിലും പതിയെ പോലീസ് ഇയാളെ വിശ്വസിപ്പിച്ച് വിവരങ്ങള്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ഉദ്യോഗസ്ഥയ്ക്ക് മൊബൈല്‍ നമ്പ!ര്‍ കൈമാറുകയും ചെയ്തു.
തുടര്‍ന്ന് ജൂലൈ 31ന് വൈകിട്ട് ഏഴരയോടെ ദശ്രന്ത് പുരി മെട്രോ സ്‌റ്റേഷനു സമീപത്തു വെച്ചു കാണാന്‍ പ്രതി ഉദ്യോഗസ്ഥയോട് ആവശ്യപ്പെടുകയായിരുന്നു. സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരെ മഫ്തിയില്‍ വിന്യസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സ്ഥലം മാറ്റിപ്പറഞ്ഞ ഇയാള്‍ ദ്വാരക സെക്ടര്‍ 1ലേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ശ്രീ മാതാ മന്ദിര്‍ മഹാവീര്‍ എന്‍ക്ലേവില്‍ എത്താനും ഇയാള്‍ ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടെന്ന് പോലീസ് പറഞ്ഞു.
ദ്വാരക മേഖലയിലെ ഒരു ഫാന്‍സി ഷോപ്പിലെ ജീവനക്കാരനായിരുന്നു ഇയാളെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലിനിടെ കഴിഞ്ഞ 15 മാസത്തിനിടെ ഇയാള്‍ ആറു പെണ്‍കുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ചിട്ടുണ്ടെന്നു പോലസ് കണ്ടെത്തി. വ്യാജ പേരുകള്‍ ഉപയോഗിച്ച് പെണ്‍കുട്ടികളെ പരിചയപ്പെടുന്ന ഇയാള്‍ ലൈംഗികബന്ധത്തിനു ശേഷം ഇവരെ ഒഴിവാക്കുന്ന രീതിയായിരുന്നു സ്വീകരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പിടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ഇയാള്‍ ഇടയ്ക്കിടെ താമസസ്ഥലം മാറിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
 

Latest News