ന്യൂദല്‍ഹി- ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹിയിലെ രാജേന്ദ്ര നഗര്‍ എംഎംഎയുമായ രാഘവ് ചദ്ദ പാര്‍ട്ടിയുടെ ജനപ്രിയ മുഖം മാത്രമല്ല. യുവാവും സുമുഖനുമായ എംഎല്‍എയ്ക്ക് സ്ത്രീകളുടെ ഒരു വലിയ ആരാധക കൂട്ടമുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ രാഘവ് ചദ്ദയ്ക്ക് നിരവധി വിവാഹാഭ്യര്‍ത്ഥനകള്‍ ലഭിക്കാറുണ്ട്. ചില അഭ്യര്‍ത്ഥനകള്‍ക്ക് രസകരമായ രീതിയില്‍ മറുപടി നല്‍കിയും രാഘവ് ചദ്ദ ശ്രദ്ധ നേടാറുണ്ട്.
വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ തെരഞ്ഞെടുത്താല്‍ ഡല്‍ഹിയ്ക്ക് സമാനമായി സൗജന്യമായി വൈദ്യുതി ലഭിക്കും എന്ന ഒരാളുടെ ട്വീറ്റിനെ കീഴെ 'എനിക്ക് രാഘവിനെ മതി, വെദ്യുതി വേണ്ട' എന്നാണ് കിര്‍ത്തി താക്കൂര്‍ എന്ന് പേരുള്ള ട്വിറ്റര്‍ ഉപഭോക്താവിന്റെ പ്രതികരണം. ഇത് ശ്രദ്ധയില്‍പ്പെട്ട യുവ നേതാവ് നല്‍കിയ മറുപടിയാണ് സൈബറിടത്തില്‍ ചിരി പടര്‍ത്തുന്നത്.
'ഞാന്‍ മാനിഫെസ്‌റ്റോയിലില്ല (തെരഞ്ഞെടുപ്പ് പ്രകടന പത്രിക), പക്ഷേ സൗജന്യ വൈദ്യുതി ഉറപ്പാണ്. കെജ്രിവാളിന് വോട്ട് ചെയ്യുക, നിങ്ങള്‍ക്ക് 24ഃ7 സൗജന്യ വൈദ്യുതി ലഭിക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. പക്ഷെ എന്റെ കാര്യത്തില്‍ എനിക്ക് അതുപോലെ ചെയ്യാന്‍ കഴിയില്ല' എന്നാണ് രാഘവ് ചദ്ദ ട്വീറ്റ് ചെയ്തത്. കുറിക്ക് കൊള്ളുന്ന മറുപടി വന്നതോടെ കിര്‍ത്തി താക്കൂര്‍ ട്വീറ്റ് പിന്‍വലിച്ചു തടി തപ്പി.
അതെ സമയം രാഘവ് ചദ്ദ ട്വിറ്റര്‍ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ ഹാഷ്ടാഗുമായി പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങള്‍ കുറിക്കുന്നത്. 'സര്‍ജി, നിങ്ങളുടെ മറുപടി, നര്‍മ്മബോധം അടിപൊളി' എന്നാണ് ഒരു യുവാവിന്റെ കമന്റ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്വിറ്ററിലൂടെ വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവതിയോട് മറുപടിയായി മോഡി സര്‍ക്കാരിനെ പരിഹസിച്ച് സാമ്പത്തിക മാന്ദ്യം കാരണം വിവാഹം കഴിക്കാന്‍ ഇപ്പോള്‍ ശരിയായ സമയമല്ലെന്നായിരുന്നു രാഘവ് ചദ്ദയുടെ മറുപടി.