Sorry, you need to enable JavaScript to visit this website.

ബിജെപിക്കും ആര്‍എസ്എസിനുമെതിരെ എല്ലാവരും ഒന്നിക്കണം; പ്രതിപക്ഷ യോഗത്തില്‍ രാഹുല്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രാതിനിധ്യമുള്ള 17 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും എങ്കിലെ കൂടുതല്‍ കരുത്തോടെ ബിജെപിയേയും ആര്‍എസ്എസിനേയും പ്രതിരോധിക്കാനാകൂവെന്നു യോഗത്തില്‍ രാഹുല്‍ പറഞ്ഞു. പെഗസസ് ചാരവൃത്തി സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ ചെവികൊള്ളാത്തതിനെ തുടര്‍ന്നുള്ള ബഹളത്തില്‍ ദിവസങ്ങളായി പാര്‍ലമെന്റ് സ്തംഭിച്ചിരിക്കുകയാണ്. ഈ വിഷയമാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്തത്. 

സര്‍ക്കാരിനോടുള്ള പ്രതിഷേധമായി പാര്‍ലമെന്റിനു പുറത്ത് ഒരു മോക്ക് പാര്‍ലമെന്റ് സമ്മേളനം നടത്താമെന്ന് ഏതാനും പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശമായി ഉന്നയിച്ചിരുന്നു. ഇക്കാര്യവും ചര്‍ച്ചയായി. ഇന്ത്യന്‍ പൗരന്മാരെ ഇസ്രാഈലി ചാര സോഫ്റ്റ് വെയര്‍ പെഗസസ് ഉപയോഗിച്ച് സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും സാന്നിധ്യത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 

ഇന്ധന വിലകയറ്റം അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ പാര്‍ലമെന്റിലേക്ക് സൈക്കിള്‍ ചവിട്ടി പോകാമെന്ന നിര്‍ദേശവും രാഹുല്‍ മുന്നോട്ടു വച്ചു. എല്ലാ പ്രതിപക്ഷ നേതാക്കളും പിന്തുണച്ചു. യോഗ ശേഷം രാഹുല്‍ സൈക്കിള്‍ ചവിട്ടിയാണ് പാര്‍ലമെന്റിലെത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, എന്‍സിപി നേതാവ് സുപ്രിയ സുലെ, ശിവ സേനയുടെ സഞ്ജയ് റൗത്ത്, ഡിഎംകെയുടെ കനിമൊഴി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എഎപി എംപി സഞ്ജയ് സിങ് യോഗത്തില്‍ പങ്കെടുത്തില്ല.
 

Latest News