ചെന്നൈ-തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്നു കടലില്‍പോയ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ശ്രീലങ്കന്‍ നാവികസേന നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. നാഗപട്ടണം സ്വദേശി കലെയ്‌സെല്‍വനാണ് തലക്കു പരിക്കേറ്റത്.
നാഗപട്ടണം തുറമുഖത്തുനിന്ന് ജൂലായ് 28ന് പോയ ബോട്ടില്‍ പത്തുപേരാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിക്കുസമീപം കൊടിയകരായ് തീരത്ത് മീന്‍ പിടിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളിക്കു വെടിയേറ്റത്. സ്പീഡ് ബോട്ടിലെത്തിയ ലങ്കന്‍ നാവികസേനയുടെ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പറയുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 1.15ന് ശ്രീലങ്കന്‍ നാവികസേന തങ്ങളുടെ ബോട്ടുവളഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
മേഖലയിലുണ്ടായിരുന്ന നിരവധി ബോട്ടുകള്‍ക്കുനേരെ ശ്രീലങ്കന്‍ സേന വെടിയുതിര്‍ത്തു. ആദ്യം അവര്‍ ബോട്ടുകള്‍ക്കുനേരെ കല്ലെറിയുകയും പിന്നീട് വെടി വെക്കുകയുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.