മിസോറം-അസം അതിർത്തിയിൽ സംഘർഷം ഇപ്പോഴും തുടരുകയാണ്. അതിർത്തി പ്രദേശങ്ങൾ സംബന്ധിച്ച തർക്കങ്ങളും കൈയേറ്റ ആരോപണങ്ങളും ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളും പ്രാദേശിക ഭരണ സംവിധാനങ്ങളും തമ്മിലുള്ള സംഘർഷമായി വളരുകയായിരുന്നു. സംഘർഷത്തിൽ സുരക്ഷാ സേനയുടെയും സംസ്ഥാന പോലീസിന്റെയും ഇടപെടലുണ്ടായതിനെ തുടർന്ന് നടന്ന അക്രമത്തിൽ ഇതുവരെയായി ഏഴ് അസം പോലീസുകാരാണ് കൊല്ലപ്പെട്ടത്. കേന്ദ്ര സുരക്ഷാ വിഭാഗമായ സി.ആർ.പി.എഫിന്റെ ഇടപെടലാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കിയത്.
ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ വേരുകൾ തേടുമ്പോൾ അത് കോളനിവാഴ്ചക്കാലത്താണ് ചെന്നുനിൽക്കുന്നത്. അസമിലെ കച്ചർ, ഹയിലാകണ്ഡി, കരിംഗഞ്ച്, മിസോറമിലെ കൊലാസിം, മമിത്, ഐസാൾ എന്നീ മൂന്നു വീതം ജില്ലകളിലൂടെ 164.6 കിലോമീറ്ററാണ് ഇരു സംസ്ഥാനങ്ങളും അതിർത്തി പങ്കിടുന്നത്. 1832 ൽ ഉണ്ടാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ 1875 ലാണ് മിസോ മലനിരകളിൽ നിന്ന് അസമീസ് പ്രദേശത്തെ വേർപെടുത്തുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1933 ൽ അതിർത്തി രൂപകൽപന ചെയ്തുവെങ്കിലും മിസോ മേഖല ഇതിന്റെ ഭാഗമാകാനും ധാരണ അംഗീകരിക്കുവാനും തയാറായില്ല. സ്വാതന്ത്ര്യാനന്തരം 1971 ൽ അസം മേഖലയിൽ നിന്ന് ഇപ്പോഴത്തെ മണിപ്പൂർ, മേഘാലയ, ത്രിപുര, മിസോറം, അരുണാചൽ പ്രദേശ് എന്നിവയെ വേർപെടുത്തി. എങ്കിലും പിന്നീട് കേന്ദ്രവും മിസോകളും തമ്മിലുണ്ടായ മിസോ സമാധാന ഒത്തുതീർപ്പിന്റെ ഫലമായി കേന്ദ്ര ഭരണപ്രദേശമായിരുന്ന മിസോറം 1987 ലാണ് പ്രത്യേക സംസ്ഥാനമായി മാറുന്നത്. 1933 ലുണ്ടാക്കിയ അതിർത്തിയാണ് ഒത്തുതീർപ്പിന്റെ അടിസ്ഥാനമാക്കിയതെങ്കിലും 1875 ലെ അതിർത്തിയാണ് വേണ്ടതെന്നായിരുന്നു മിസോകളുടെ നിലപാട്.
മനുഷ്യവാസമില്ലാത്ത പ്രദേശങ്ങളെ സംബന്ധിച്ച് നിലവിലുള്ള സ്ഥിതി തുടരണമെന്ന ധാരണയുണ്ടായെങ്കിലും അതിർത്തിത്തർക്കം അവസാനിക്കാതെ തുടർന്നു. അസമിനാകട്ടെ മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവയുമായും തർക്കങ്ങളുണ്ടായിരുന്നു. അയൽ സംസ്ഥാനങ്ങളുമായുള്ള അതിർത്തി നിർണയത്തിനായി 1989ൽ അസം സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും ഇതുവരെ ഫലമുണ്ടായില്ല. അതിർത്തി തർക്കവുമായിബന്ധപ്പെട്ട രണ്ടു കമ്മീഷനുകളുടെ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു. എന്നാൽ അംഗീകരിക്കുന്നതിൽ സംസ്ഥാന സർക്കാരുകളുടെ നിഷേധാത്മക നിലപാട് കാരണം ഇതിലെ നിർദേശങ്ങൾ പ്രാബല്യത്തിലാക്കുവാനായില്ല. ഇതുപോലെ 1971 ൽ സുന്ദരം കമ്മീഷനും 1985 ൽ ശാസ്ത്രി കമ്മീഷനും അസം, നാഗാലാൻഡ് പ്രശ്‌നം പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും തങ്ങളുടെ നിലപാടുകളിൽ നിന്ന് പിൻമാറുവാൻ ഇരുസംസ്ഥാനങ്ങളും തയാറായില്ല. അസം, മിസോറം എന്നീ സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തികൾ സംബന്ധിച്ച ധാരണകളും നിർദേശങ്ങളും ഉണ്ടെങ്കിലും നദികൾ, മലകൾ, താഴ്വാരങ്ങൾ, വനപ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന അതിർത്തി സാങ്കൽപികമായാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ പ്രശ്‌നങ്ങൾ ഇടയ്ക്കിടെ ഉടലെടുത്തിരുന്നു. ഇപ്പോൾ അത് പ്രാദേശിക രാഷ്ട്രീയ വിജയത്തിനുള്ള ഉപാധിയും വംശീയ വിഷയവുമായി മാറിയിരിക്കുന്നു എന്നതാണ് പുതിയ സംഘർഷങ്ങളെ രൂക്ഷമാക്കിയിരിക്കുന്നത്.
അസമിൽ ബി.ജെ.പി നേതാവ് ഹിമന്ദ ബിശ്വാസ് ശർമയുടെ നേതൃത്വത്തിലുള്ള ഭരണമാണെങ്കിൽ മിസോറമിൽ ബി.ജെ.പി മുന്നണി എൻ.ഡി.എയുടെ വടക്കുകിഴക്കൻ രൂപമായ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസി(എൻഇഡിഎ)ന്റെ ഭാഗമായ മിസോ നാഷണൽ ഫ്രണ്ടിന്റെ സൊറാം താങ് ആണ് മുഖ്യമന്ത്രിപദം അലങ്കരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രാദേശിക വികാരങ്ങളും വിഭാഗീയ നിലപാടുകളുമായി അധികാരം നിലനിർത്തുന്നതിനുള്ള നിലവിട്ട നടപടികളാണ് ഇരുഭാഗത്തുനിന്നും പ്രത്യേകിച്ച് ബിജെപി നേതാവായ അസം മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്. തങ്ങളുടെ ഭാഗത്താണ് പോലീസുകാരുടെ മരണം സംഭവിച്ചതെന്നത് ദൗർഭാഗ്യകരമാണെങ്കിലും എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെയുള്ള പ്രസ്താവനകളും സമൂഹമാധ്യമ പോസ്റ്റുകൾ പോലും ഹിമന്ദ ബിശ്വാസിൽ നിന്നുണ്ടായി. അസം പോലീസുകാർ കൊല്ലപ്പെട്ട വലിയ സംഘർഷമുണ്ടായ ദിവസം മിസോറം പൊലീസ് ആഘോഷമാക്കിയ സംഭവവും വിവാദമായി. ദേശീയതയെ കുറിച്ചുള്ള ആവർത്തനങ്ങൾക്കപ്പുറം അധികാരം നിലനിർത്തുന്നതിന് ഏത് കുത്സിത മാർഗങ്ങളുമാകാമെന്ന ബിജെപിയുടെ നിലപാട് അസം - മിസോറം അതിർത്തിയിലുണ്ടായ സംഘർഷത്തിലൂടെ കൂടുതൽ വെളിപ്പെടുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വടക്കു കിഴക്കൻ മേഖലയിലെത്തിയതിന്റെ അടുത്ത ദിവസങ്ങളിലാണ് സംഘർഷം രൂക്ഷമായതെന്നത് ലളിതമായി കാണേണ്ടതല്ല.
സംസ്ഥാനങ്ങൾ തമ്മിലും രാജ്യത്തോട് അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായും പരസ്പര സൗഹൃദത്തിന്റെ അന്തരീക്ഷമുണ്ടാക്കുന്നതിൽ ബി.ജെ.പി സർക്കാരിന് സംഭവിക്കുന്ന പരാജയത്തിന്റെ ഉദാഹരണമായും അസം- മിസോറം അതിർത്തിയിലെ സംഘർഷത്തെ വിലയിരുത്താവുന്നതാണ്. അധികാര രാഷ്ട്രീയ വിജയത്തിന് പ്രാദേശിക, സാമുദായിക വികാരങ്ങളെയും വിഭാഗീയ ശക്തികളെയും ഉപയോഗിക്കുന്ന ബി.ജെ.പിയുടെ ഭരണം രാജ്യത്തിന്റെ ഏകീകൃത സ്വഭാവം തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്കകളെ ബലപ്പെടുത്തുകയാണ് ഈ സംഭവങ്ങളും സംഘർഷങ്ങളും.