ന്യൂദല്‍ഹി- ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുമെന്നും ഒക്ടോബറില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നും പ്രവചനം. ഈ മാസം കോവിഡ് കേസുകള്‍ പടിപടിയായി ഉയരുമെന്നാണ് ഗണിതശാസ്ത്ര മാതൃകകള്‍ അടിസ്ഥാനമാക്കിയുള്ള ഗവേഷകരുടെ പ്രവചനം. അതേസമയം ഇപ്പോള്‍ കോവിഡ് ഏറ്റവും കൂടുതലുള്ള കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വ്യാപനം കുറയുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. രൂക്ഷമായ കോവിഡ് രണ്ടാം തരംഗം കൃത്യമായി ഈ സംഘം നേരത്തെ പ്രവചിച്ചിരുന്നു. രാജ്യത്ത് ഈ മാസത്തോടെ കോവിഡ് കേസുകള്‍ വീണ്ടും ഉയരും. പ്രതിദിനം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന സ്ഥിതിയുണ്ടായേക്കാമെന്നും ഐഐടി ഹൈദരാബാദിലെ മതുകുമള്ളി വിദ്യാസാഗര്‍, ഐഐടി കാന്‍പൂരിലെ മനിന്ദ്ര അഗര്‍വാള്‍ എന്നീ ഗവേഷകര്‍ പ്രവചിക്കുന്നതായി ബ്ലൂംബര്‍ഗ് റിപോര്‍ട്ട് ചെയ്യുന്നു.
പുതിയ തരംഗവും ഏതാണ്ട് രണ്ടാം തരംഗം പോലെ ആയിരിക്കാം. അതിരൂക്ഷമായ രണ്ടാം തരംഗത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ നാലു ലക്ഷം വരെ ഉയര്‍ന്നിരുന്നു. വാക്‌സിനേഷന്‍ വീണ്ടും ശക്തിപ്പെടുത്തേണ്ടതിന്റേയും പുതിയ രോഗവ്യാപന കേന്ദ്രങ്ങള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കേണ്ടതിന്റേയും വൈറസിന്റെ ജനിതക ശ്രേണീകരണത്തിന്റേയും ആവശ്യകതയാണ് ഈ പ്രവചനം ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോള്‍ ലോകത്തൊട്ടാകെ പുതിയൊരു അതിവേഗ കോവിഡ് വ്യാപനത്തിന് കാരണമായ കൊറോണ വൈറസ് വകഭേദഗമായ ഡെല്‍റ്റ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയിലാണ് ആദ്യമായി കണ്ടെത്തിയത്.