മഥുര- ഉത്തർ പ്രദേശിലെ മഥുരയിൽ പോലീസും ക്രിമിനലുകളെന്ന് ആരോപിക്കപ്പെടുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വീട്ടിനു സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന എട്ടു വയസ്സുകാരൻ വെടിയേറ്റു മരിച്ചു. മഥുരയിലെ മോഹൻപുരയിലാണ് സംഭവം. ഈയിടെ നടന്ന ഒരു കൊള്ളയടിയിൽ പ്രതികളെന്ന് ആരോപിക്കപ്പെടുന്നവർ ഇവിടെ ഒളിഞ്ഞിരിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇവരെ പിടികൂടാനെത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്.
എട്ടു വയസ്സുകാരൻ മാധവ് ഭരദ്വാജ് തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ആരുടെ തോക്കിൽ നിന്നാണ് വെടിയേറ്റതെന്ന് വ്യക്തമായിട്ടില്ല. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി പോലീസ് അറിയിച്ചു. കുട്ടിയുടെ കുടുംബത്തിന് യുപി സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രിമിനലുകളുമായി ചർച്ചയ്‌ക്കെത്തിയ പോലീസിനു നേരെ വെടിവയ്പ്പുണ്ടാകുകയും തുടർന്ന് പോലീസ് തിരിച്ചും വെടിയുതിർക്കുകയായിരുന്നെന്നുമാണ് അധികൃതരുടെ വാദം. യുപിയിൽ തീപ്പൊരി ഹിന്ദുത്വ നേതാവ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കഴിഞ്ഞ വർഷം മാർച്ചിൽ അധികാരമേറ്റതിനു ശേഷം ആയിരത്തിനടുത്ത് പോലീസ് ഏറ്റുമുട്ടലുകളാണ് നടന്നത്. ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണെന്ന് പറയപ്പെടുന്ന ഈ ഏറ്റുമുട്ടലുകളിൽ ഇതുവരെ 32 പേരാണ് കൊല്ലപ്പെട്ടത്. പലതും വ്യാജ ഏറ്റുമുട്ടലുകളാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.