ന്യൂദല്‍ഹി- പെഗസസ് ചാരവൃത്തി സംഭവത്തില്‍ പാര്‍ലമെന്റ് സ്തംഭനം തുടരുന്നതിനിടെ തുടര്‍ നടപടികള്‍ കൂടിയോലോചിക്കാന്‍ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ചൊവ്വാഴ്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം ചേരും. പാര്‍ലമെന്റിനു പുറത്ത് ഒരു മോക്ക് പാര്‍ലമെന്റ് ചേരുന്നതടക്കമുള്ള പ്രതിഷേധങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. രാവിലെ 9.30ന് യോഗം നടക്കുമെന്ന് പ്രതിപക്ഷ വൃത്തങ്ങള്‍ പറഞ്ഞു. പാര്‍ലമെന്റില്‍ തങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന് തന്ത്രങ്ങള്‍ ആലോചിക്കാന്‍ കഴിഞ്ഞയാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ സഭാ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു.
ഇസ്രാഈലി ചാര സോഫ്‌റ്റ്വെയര്‍ പെഗസസ് ഉപയോഗിച്ച് പ്രതിപക്ഷ നോതക്കള്‍ക്കും മന്ത്രിമാര്‍ക്കും ജഡ്ജിമാര്‍ക്കും മാധ്യമ, പൗരാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ സര്‍ക്കാര്‍ ചാരപ്പണി നടത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷ ശക്തമായി പ്രതിഷേധിക്കുന്നത്. കര്‍ഷക സമരവും പ്രതിപക്ഷം ആയുധമാക്കുന്നു. ഇതു മൂലം ജൂലൈ 19ന് ആരംഭിച്ച് പാര്‍ലമെന്റ് സമ്മേളനം ഇതുവരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. പാര്‍ലമെന്റ് തടസപ്പെടുത്തിയതു കാരണം പൊതുഖജനാവിന് 133 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ പെഗസസ് അന്വേഷിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല. അതേസമയം ഈ ബഹളത്തിനിടെ പല ബില്ലുകളും ചര്‍ച്ചകളില്ലാതെ സര്‍ക്കാര്‍ പാസാക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പെഗസസ് ചാരവൃത്തി സ്വതന്ത്രമായി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. പെഗസസ് രഹസ്യനിരീക്ഷണത്തിന് ഇരയായവരുടെ കൂട്ടത്തില്‍ പേരുള്ള ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.