മുംബൈ- ശിവസേന ആസ്ഥാനമായ സെൻട്രൽ മുംബൈയിലെ ശിവ സേന ഭവന്‍ വേണ്ടി വന്നാല്‍ ഇടിച്ചുനിരത്തുമെന്ന ബിജെപി എംഎല്‍എ പ്രസാദ് ലാഡിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശിവ സേന അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. വിരട്ടലും ഭീഷണിയും വേണ്ട, ഭീഷണിയുടെ ഭാഷയും അത് പറയുന്നവരേയും ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും ഉദ്ധവ് മുന്നറിയിപ്പ് നല്‍കി. ബോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ പടമായ ദബാങിലെ ഡയലോഗ് ഉപയോഗിച്ചാണ് ഉദ്ധവ് ബിജെപി നേതാവിന് ചുട്ടമറുപടി നല്‍കിയത്. അടി കൊണ്ട് പേടിപ്പിപ്പിക്കാവുന്നരല്ല തങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങളോട് അടിയുടെ ഭാഷയില്‍ സംസാരിക്കരുത്, തിരിച്ച് നല്ലൊരു അടി കിട്ടിയാല്‍ സ്വന്തം കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാകില്ല'- ഉദ്ധവ് തിരിച്ചടിച്ചു.
അതിനിടെ ശിവ സേന ഭവന്‍ പൊളിക്കുമെന്ന് ഭീഷണി മുഴക്കിയ ബിജെപി എംഎല്‍എ തന്റെ വാക്കുകള്‍ പിന്‍വലിച്ചതായി അറിയിച്ചു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യഖ്യാനിക്കുകയായിരുന്നു എന്നാണ് പ്രസാദ് ലാഡ് പറഞ്ഞത്.