ന്യൂദല്‍ഹി- പരസ്പരമുള്ള ആശയവിനിമയങ്ങളിലെ തടസങ്ങളും അതിര്‍ത്തി സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ സിക്കിം അതിര്‍ത്തി മേഖലയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ഹോട്ട്‌ലൈന്‍ സ്ഥാപിച്ചു. വടക്കന്‍ സിക്കിം സെക്ടറിലെ അതിര്‍ത്തി നിയന്ത്രണ രേഖാ മേഖലയില്‍ വിശ്വാസവും സൗഹൃദാന്തരീക്ഷവും ഉറപ്പാക്കാനാണിത്. വടക്കന്‍ സിക്കിമിലെ കോങ്ഗ്ര ലായിലെ ഇന്ത്യന്‍ സേനാ ക്യാമ്പും അതിര്‍ത്തിക്കപ്പുറത്തെ തിബറ്റന്‍ മേഖലയിലെ ഖംബ സോങിലെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ക്യാമ്പിനേയും ബന്ധിപ്പിക്കുന്നതാണ് ഈ ഹോട്ട്‌ലൈന്‍. ചൈനീസ് സൈനിക ദിനമായ ഓഗസ്റ്റ് ഒന്നിനായിരുന്നു ഹോട്ട്‌ലൈന്‍ ആരംഭിച്ചത്.
ഇരു സേനകള്‍ക്കും പരസ്പരം ആശയവിനിമയം നടത്താന്‍ നിലവില്‍ മികച്ച സംവിധാനങ്ങളുണ്ട്. പുതിയ ഹോട്ട്‌ലൈന്‍ ഇവ ഒന്നുകൂടി മെച്ചപ്പെടുത്താനും അതിര്‍ത്തിയില്‍ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കാനും ഏറെ സഹായകമാകുമെന്ന് സേന പ്രസ്താവനയില്‍ പറഞ്ഞു. ഹോട്ട്‌ലൈന്‍ ഉല്‍ഘാടനത്തില്‍ ഇരു സേനകളുടേയും കമാന്‍ഡര്‍മാര്‍ പങ്കെടുത്തു.