Sorry, you need to enable JavaScript to visit this website.

മോഡിയും ഗുജറാത്ത് പോലീസും ഗൂഢാലോചന നടത്തുന്നുവെന്ന് തൊഗാഡിയ

അഹമ്മദാബാദ്- വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ അപ്രത്യക്ഷമാകലും ആശുപത്രി ചികിത്സയും വെറും നാടകമാണെന്ന വാദവുമായി ഗുജറാത്ത് പോലീസ് രംഗത്തെത്തിയതിനു തൊട്ടുപിറകെ ആര്‍എസ്എസില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തൊഗാഡിയ പരസ്യമായി രംഗത്തെത്തി.
 
അഹമ്മദാബാദ് പോലീസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണറുടെ കഴിഞ്ഞ 15 ദിവസത്തെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ അദ്ദേഹം എത്ര തവണ പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നു വ്യക്തമാകുമെന്ന് തൊഗാഡിയ ആഞ്ഞടിച്ചു. ദല്‍ഹിയിലെ രാഷ്ട്രീയ ബോസുമാരുടെ നിര്‍ദേശം കേട്ടാണ് ക്രൈം ബ്രാഞ്ച് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്നും തൊഗാഡിയ ആരോപിച്ചു.
 
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജയ് ജോഷിയുടെ വ്യാജ വീഡിയോ ഉണ്ടാക്കിയ അതേ പോലീസാണ് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച്. ഇതടക്കം പലകാര്യങ്ങളും എനിക്കറിയാം. ഗുജറാത്തില്‍ ഒരു ഗുഢാലോചന നടന്നിരുന്നു. ആരാണിതിനു പിന്നിലെന്നും എനിക്കറിയാം. അതു പിന്നീട് വെളിപ്പെടുത്തും- തൊഗാഡിയ പറഞ്ഞു. ബുധനാഴ്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടതിനു ശേഷമായിരുന്നു മോഡിക്കും ബിജെപി നേതൃത്വത്തിനും ഗുജറാത്ത് പോലീസിനുമെതിരെ തൊഗാഡിയ പരസ്യമായി രംഗത്തെത്തിയത്.
 
15 വര്‍ഷം മുമ്പ് നിരോധനാജ്ഞ ലംഘിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറന്റ് നേരിടുന്ന തൊഗാഡിയെ പിടികൂടാന്‍ രാജസ്ഥാന്‍ പോലീസ് ശ്രമം നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍. തിങ്കളാഴ്ച തൊഗാഡിയയെ കാണാനില്ലെന്നാരോപിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ പലയിടത്തും പ്രതിഷേധിച്ചിരുന്നു. പിന്നീട് അഹമ്മബദാബാദിലെ ഒരു പാര്‍ക്കില്‍ ബോധരിഹതനായി കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
തൊട്ടടുത്ത ദിവസം വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് തന്നെ ഏറ്റുമുട്ടലില്‍ വധിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് വിഎച്ച്പി ഓഫീസില്‍ നിന്ന് ഇറങ്ങിയതെന്നും തൊഗാഡിയ പറഞ്ഞിരുന്നു. പോലീസിനു മുമ്പില്‍ കീഴടങ്ങാന്‍ ജയ്പൂരിലേക്ക് പോകുന്നതിനിടെയാണ് കുഴഞ്ഞ് വീണതും ആശുപത്രിയിലായതുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതിനിടെ തൊഗാഡിയയെ കാണാനില്ലെന്നാരോപിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ വിഎച്ച്പി പ്രവര്‍ത്തകര്‍ പലയിടത്തും മുസ്ലിംകള്‍ക്കുനരെ ആക്രമണമഴിച്ചുവിട്ടു.
 
 

Latest News