കോട്ടയം- ജില്ലയിലെ യു.ഡി.എഫ് പരാജയത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ കെ.പി.സി.സി കമ്മീഷൻ മടങ്ങിയിട്ടും ജോസഫ് വിഭാഗത്തിന്റെ വിശദീകരണം അവസാനിക്കുന്നില്ല. കോട്ടയത്തെ പരാജയത്തിനു കാരണം ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടതാണെന്ന ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ നിലപാടാണ് ജോസഫ് ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. ആദ്യ ദിവസം ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനം വന്നതിനാൽ തുടർന്നുള്ള യോഗത്തിൽ നിന്നും ജോസഫ് വിഭാഗം വിട്ടു നിൽക്കുകയും ചെയ്തു. തുടർന്ന് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് കൺവീനറുമായ സജി മഞ്ഞക്കടമ്പിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തു. കഴിഞ്ഞദിവസം മോൻസ് ജോസഫ് എം.എൽ.എ ഇക്കാര്യത്തിൽ വീണ്ടും നിലപാട് ആവർത്തിച്ചു.
ജില്ലയിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായത് ഗ്രൂപ്പ് ഭിന്നതകളും കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടുപോയതുമാണന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചത്. കോൺഗ്രസ് കമ്മീഷന് മുമ്പാകെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച പരാതിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജോസ് വിഭാഗം മുന്നണി വിട്ടത് ദോഷംചെയ്‌തെന്നായിരുന്നു കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം വി.സി. കബീർ കമ്മിറ്റി മുമ്പാകെ പറഞ്ഞത്. ഈ വിഷയം യു.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ലെന്ന് മോൻസ് ചൂണ്ടിക്കാട്ടി. ചിലർ വ്യക്തിപരമായ അഭിപ്രായം പറഞ്ഞത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണന്നും മോൻസ് പറഞ്ഞു. ജോസ് വിഭാഗം യു.ഡി.എഫ്. മുന്നണി വിട്ടതുകൊണ്ട് ഒരുക്ഷീണവും ഉണ്ടായിട്ടില്ല. എൽ.ഡി.എഫ്. തരംഗത്തിൽ പോലും ജില്ലയിൽ യു.ഡി.എഫ് സീറ്റ് പിടിച്ചു. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റ കോട്ടകളായി അറിയപ്പെട്ടിരുന്ന കടുത്തുരുത്തിയിലും പാലായിലും അവർ തോറ്റു.
99 സീറ്റുകൾ നേടിയ എൽ.ഡി.എഫ് തരംഗത്തിൽ ഏതാനും സീറ്റുകൾ കൂടുതൽ നേടിയെന്നത് മാത്രമാണ് അവർക്കുള്ള മെച്ചം. എന്നാൽ അനുകൂലമായ സാഹചര്യമുണ്ടായിട്ടും കേരളമൊട്ടാകെ യു.ഡി.എഫിന് തകർച്ചയുണ്ടായി. ഇക്കാര്യം യു.ഡി.എഫിലെ ഓരോ ഘടകകക്ഷിയും വിശദമായി പരിശോധിക്കും. തുടർന്ന് ഒരുദിവസം എല്ലാ കക്ഷികളും ചേർന്ന് ഇത് ചർച്ചചെയ്യുമെന്നും മോൻസ് ജോസഫ് എം.എൽ.എ. പറഞ്ഞു.