ന്യൂദല്‍ഹി- സുപ്രീം കോടതി നിര്‍ദേശ പ്രകാരം സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പേഴ്‌സനല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ തന്നെ ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി ഉന്നാവില്‍ ബിജെപി നേതാവിന്റെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി കോടതിയില്‍. ഇക്കാര്യം പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ ദല്‍ഹി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ധര്‍മേഷ് ശര്‍മ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനോട് ഉത്തരവിട്ടു. തനിക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത രീതിയില്‍ തന്നേയും കുടുംബത്തേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ശല്യപ്പെടുത്തുകയാണെന്ന് അഭിഭാഷകന്‍ മുഖേന പെണ്‍കുട്ടി കോടതിയില്‍ പരാതിപ്പെട്ടു. പെണ്‍കുട്ടിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആരോപണങ്ങളുമായി പോലീസിന്റെ ഭാഗത്ത് നിന്നും ഒരു സീല്‍ ചെയ്ത കവറും കോടതിക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതും പരിഗണിക്കുമെന്നും ജഡ്ജി പറഞ്ഞു.
2019 ഓഗസ്റ്റിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം സിആര്‍പിഎഫ് ആണ് പെണ്‍കുട്ടിക്ക് സുരക്ഷ നല്‍കുന്നത്. പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ 2017ലാണ് ജോലി വാഗ്ധാനം നല്‍കി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ഏറെ കോളിളക്കമുണ്ടാക്കിയ കേസ് യുപിയിലെ ഉന്നാവില്‍ നിന്നും ദല്‍ഹിയിലേക്കു മാറ്റുകയായിരുന്നു. 2019 ഡിസംബര്‍ 20ന് സെന്‍ഗാറിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ സെന്‍ഗര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ 10 വര്‍ഷം തടവിനും 2020 മാര്‍ച്ചില്‍ കോടതി ശിക്ഷിച്ചിരുന്നു.