ന്യൂദല്‍ഹി- 12 സംസ്ഥാനങ്ങളിലായി പോലീസ് നടത്തിയ വന്‍ ഓപറേഷനില്‍ കുപ്രസിദ്ധ വനിതാ ഗുണ്ട റിവോള്‍വര്‍ റാണി എന്നറിയപ്പെടുന്ന അനുരാധ ചൗധരിയും കാല ജതേഡി എന്ന സന്ദീപും പിടിയിലായി. പോലീസിന്റെ കണ്ണുവെട്ടിച്ചു നടക്കുന്ന പിടികിട്ടാ പുള്ളികളാണിവര്‍. കാല ജതേഡിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഹരിയാന പോലീസും ദല്‍ഹി പോലീസും ആറു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. യുപിയിലെ സഹാറന്‍പൂരില്‍ നിന്നാണ് കാലയെ പിടികൂടിയത്. ഹരിയാന പോലീസ് കസ്റ്റഡിയില്‍ നിന്ന് ഫെബ്രുവരിയില്‍ രക്ഷപ്പെട്ടതായിരുന്നു ഇയാള്‍. അകമ്പടി പോലീസിനു നേരെ ആക്രമണം അഴിച്ചുവിട്ടാണ് ഇയാള്‍ രക്ഷപ്പെട്ടത്. ക്വട്ടേഷന്‍ കൊല, സംഘടിത കൊള്ള, പിടിച്ചുപറി, ഭൂമി തട്ടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് നിരവധി ക്രിമിനല്‍ കേസുകള്‍ നേരിടുന്നയാളാണ് കാല.
അനുരാധ ചൗധരി മാഡം മിന്‍സ്, റിവോള്‍വര്‍ റാണി എന്ന പേരുകളില്‍ കുപ്രസിദ്ധി നേടിയ രാജസ്ഥാനി ഗുണ്ടയാണ്. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം രൂപ പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, ആയുധ നിയമ ലംഘനം തുടങ്ങി നിരവധി കേസുകള്‍ നേരിടുന്നു. ഇഷ്ട ആയുധമായി എകെ 47 ഉപയോഗിക്കുന്നതിനാല്‍ റിവോള്‍വര്‍ റാണി എന്നും ഇവരെ വിളിക്കുന്നു. കുപ്രസിദ്ധ രാജസ്ഥാനി ഗുണ്ടാ തലവന്‍ ആനന്ദ് പാലിന്റെ ഉറ്റ സഹായിയായിരുന്നു. 2017ല്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ആനന്ദ് കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയ്, സുബെ ഗുജ്ജാര്‍, കാല റാണ തുടങ്ങിയ ഗുണ്ടകള്‍ക്കൊപ്പവും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.