ബെയ്ജിങ്- ചൈനയില്‍ വിവിധ നഗരങ്ങളില്‍ വീണ്ടും കോവിഡ് വ്യാപനം ഏറി വരുന്ന പശ്ചാത്തലത്തില്‍ അധികൃതര്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. മാസങ്ങള്‍ക്കു ശേഷം വന്ന കോവിഡ് വ്യാപനം തടയാന്‍ ആരോഗ്യ അധികാരികള്‍ നഗരങ്ങളിലെല്ലാം വ്യാപക കോവിഡ് പരിശോധന നടത്തിവരികയാണ്. ഞായറാഴ്ച 75 പുതിയ കേസുകളാണ് ചൈനയില്‍ റിപോര്‍ട്ട് ചെയ്തത്. ഇവയില്‍ 53 കേസുകളും പ്രാദേശികമായി പടര്‍ന്നതാണ്. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ നാന്‍ജിങ് വിമാനത്താവളത്തില്‍ സ്ഥിരീകരിച്ച കോവിഡ് പിന്നീട് 20ലേറെ നഗരങ്ങളിലേക്ക് പടര്‍ന്നതായാണ് അധികൃതര്‍ പറയുന്നത്. ആറിലേറെ പ്രവിശ്യകളില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മാസങ്ങള്‍ക്കു ശേഷം ചൈനയിലുണ്ടാകുന്ന വിവിധ പ്രവിശ്യകളിലായി ഉണ്ടായ ഏറ്റവും വലിയ കോവിഡ് വ്യാപനമാണിത്.
നാന്‍ജിങ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ കോവിഡ് വകഭേദമായ ഡെല്‍റ്റ ജൂലൈയില്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് അതിവേഗം വിവിധ നഗരങ്ങളിലേക്ക് രോഗം പടര്‍ന്നത്. നഗരത്തിലെ 92 ലക്ഷം ജനങ്ങളില്‍ ഇതിനകം അധികൃതര്‍ മൂന്ന് റൗണ്ട് കോവിഡ് പരിശോധന നടത്തുകയും ആയിരക്കണക്കിന് ആളുകളെ ലോക്ഡൗണ്‍ ചെയ്യുകുയം ചെയ്തു. അതിവേഗ വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് പുതിയ രോഗ പടര്‍ച്ചയ്ക്ക് കാരണമെന്ന് ചൈന പറയുന്നു. ടൂറിസ്റ്റ് സീസണില്‍ ഈ വൈറസ് ഭീഷണി തടയാന്‍ അധികൃതര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.
ഹുനാന്‍ പ്രവിശ്യയിലെ ടൂറിസ്റ്റ് നഗരമായ നാന്‍ജിങില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത എല്ലാവരേയും കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അധികൃതര്‍ നടത്തിവരുന്നത്. ഈ നഗരത്തില്‍ പൂര്‍ണ ലോക്ഡൗണ്‍ ആണ്. 15 ലക്ഷം ജനങ്ങളേയും നിയന്ത്രണ പരിധിക്കുള്ളിലാക്കിയിരിക്കുന്നു. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഹയ്‌നാന്‍ ദ്വീപിലും നിങ്‌സിയ, ഷാങ്‌ദോങ് പ്രവിശ്യകളിലുമാണ് ഞായറാഴ്ച പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്.
ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്‌സിന്‍ പ്രതിരോധം കുറഞ്ഞിരിക്കാം. എന്നാല്‍ ഇപ്പോള്‍ നല്‍കുന്ന വാക്‌സിന്‍ ഡെല്‍റ്റയ്‌ക്കെതിരെ മികച്ച പ്രതിരോധം നല്‍കുന്നുണ്ട്- ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനിലെ വൈറോളജിസ്റ്റ് ഫെങ് സിജിയന്‍ പറഞ്ഞു. ചൈനയില്‍ 106 കോടി ഡോസ് വാക്‌സിനുകളാണ് വെള്ളിയാഴ്ച വരെ കുത്തിവച്ചതെന്ന് ചൈനയുടെ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ കണക്കുകള്‍ പറയുന്നു. എത്രത്തോളം ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിച്ചുവെന്ന കണക്കുകള്‍ ലഭ്യമല്ല.