മലപ്പുറം- ഹജ് സബ്സിഡിയോട് വ്യക്തിപരമായുള്ള വിയോജിപ്പ് നേരത്തെ പ്രകടിപ്പിച്ചിരുന്നുവെന്നും ചില കേന്ദ്രങ്ങൾ അസംതൃപ്തി രേഖപ്പെടുത്തിയ സഹചര്യത്തിലായിരുന്നു അതെന്നും മന്ത്രി ഡോ. കെ.ടി ജലീൽ. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഹജ് സബ്സിഡി നിർത്തലാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ചുള്ള പോസ്റ്റിലാണ് തന്റെ മുൻ നിലപാട് ജലീൽ ആവർത്തിച്ചത്. സബ്സിഡി സമുദായം സ്വയം വേണ്ടെന്ന് വെക്കുന്നതും ഭരണകൂടം എടുത്തുകളയുന്നതും രണ്ടാണെന്നും ജലീൽ പറഞ്ഞു.
ചില കേന്ദ്രങ്ങൾ അസംതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുസ്ലിം സംഘടനകൾ സബ്സിഡി വിഷയത്തിൽ പുനർവിചിന്തനം നടത്തണമെന്ന് പ്രസ്താവന നടത്തിയത്. സ്വാതന്ത്ര്യത്തിന് മുമ്പ് മുതൽ ആരംഭിച്ച സംവിധാനമാണ് സബ്സിഡി. ഒരു മതേതര സർക്കാർ വിവിധ മതവിശ്വാസി വിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന സൗഹൃദത്തിന് ഭംഗം വരാതിരിക്കാൻ സ്വാതന്ത്ര്യത്തിന് ശേഷവും തുടരാൻ കാണിച്ച ഉദാരത ഒരു സമുദായം സ്വയം വേണ്ടെന്ന് വെക്കുന്നതും അത് നൽകിയവർ ഇരുന്നിരുന്ന കസേരയിൽ ഇപ്പോൾ ഇരിക്കുന്നവർ തന്നെ സ്വയമേവ അധികാരച്ചെങ്കോൽ വീശി അവസാനിപ്പിക്കുന്നതും സമാനമല്ലെന്നും ജലീൽ പറഞ്ഞു.
നേരത്തെ ഹജ് സബ്സിഡിയെ എതിർത്ത് കേന്ദ്ര മന്ത്രിമാരോട് നിലപാട് അറിയിച്ചത് സംബന്ധിച്ച് വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്ന സഹചര്യത്തിൽ കൂടിയാണ് മന്ത്രിയുടെ വിശദീകരണം.
ഹജ് സബ്സിഡി എടുത്ത് കളഞ്ഞ കേന്ദ്രസർക്കാർ നടപടി അസ്ഥാനത്തും അനവസരത്തിലുമാണെന്ന് ജലീൽ പറഞ്ഞു. ഈ നടപടി പ്രതിഷേധാർഹമാണ്. ഇന്ത്യക്ക് പുറത്തേക്ക് തീർത്ഥാടനത്തിന് പോകുന്ന എല്ലാ മതസ്ഥർക്കും പതിറ്റാണ്ടുകളായി നൽകിപ്പോന്നിരുന്ന ആനുകൂല്യമാണ് ഇതിലൂടെ ഇസ്ലാം മത വിശ്വാസികൾക്ക് നഷ്ടപ്പെടുന്നത്.
ഇന്ത്യയിൽ നിന്നുള്ള ഹാജിമാർക്ക് 1932 മുതൽ ഭരണകർത്താക്കൾ സ്വമേധയാ അനുവദിച്ച ആനുകൂല്യമാണ്, ഒരു പൊതുതാൽപര്യ ഹർജിയുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച നിർദ്ദേശത്തെ തുടർന്ന് ഘട്ടംഘട്ടമായി കുറച്ച് കൊണ്ടുവന്നിരുന്നത്. 2022 ആകുമ്പോൾ പൂർണ്ണമായും സബ്സിഡി ഇല്ലാതാകുമെന്നിരിക്കെ ധൃതിപിടിച്ചുള്ള മോഡി സർക്കാരിന്റെ ഈ നടപടി ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താനും മറ്റൊരു വിഭാഗത്തെ ബോധപൂർവ്വം വേദനിപ്പിക്കാനും ലക്ഷ്യം വെച്ച്കൊണ്ടുള്ളതാണ് എന്നതിൽ സംശയമില്ല. കുറച്ച് കാലമായി കേന്ദ്ര ഗവൺമെന്റ് തുടർന്ന് വരുന്ന ന്യൂനപക്ഷ-മതേതര വിരുദ്ധ നിലപാടുകളുടെ തുടർച്ചയാണിതെന്ന് ആരെങ്കിലും പറഞ്ഞാൽ എങ്ങിനെയാണവരെ കുറ്റപ്പെടുത്തുക?
ജനങ്ങളിൽ അന്യതാ ബോധം ഉണ്ടാക്കുന്നതിന് മാത്രമേ ഇത്തരം ചിന്താശൂന്യവും വൈകാരികവുമായ തീരുമാനങ്ങൾ ഉപകരിക്കുകയുള്ളൂ. വാജ്പേയ് സർക്കാർ ഹജ് സബ്സിഡിയിൽ തൊടാതെ അഞ്ച് വർഷം രാജ്യം ഭരിച്ചതും അത് കൊണ്ടു തന്നെയാവണം.
സബ്സിഡിപ്പണം മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നത് തീർത്തും പരിഹാസ്യമാണ്. അങ്ങിനെയാണെങ്കിൽ 2022 ന് ശേഷം ഈ പദ്ധതി തുടരുമോ? വരും വർഷങ്ങളിൽ സബ്സിഡിയിൽ കുറവ് വരുന്ന സംഖ്യ പദ്ധതി വിഹിതത്തിലും കുറച്ചിൽ വരുത്തുമോ?. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ലെങ്കിൽ പൊറാട്ടുനാടകമെന്നല്ലാതെ എന്താണിതിനെയൊക്കെ വിശേഷിപ്പിക്കുക.
ഒരു നാടിനെയും ഭരണ കൂടത്തെയും ആ രാജ്യത്തെ ജനസമൂഹങ്ങളുമായി അടുപ്പിച്ച് നിർത്തുന്നത് ഭരണാധികാരികൾ തങ്ങളുടെ താങ്ങും തണലുമാണ് എന്ന വികാരമാണ്. അത്തരമൊരു മനോഗതത്തിന് കോട്ടം വരുമ്പോൾ കത്തിവെക്കപ്പെടുന്നത് ഒരു ജനതയുടെ ആത്മവിശ്വാസത്തിന്റെ കടയ്ക്കലാണെന്ന് ഗ്രഹിക്കാൻ മടിക്കുന്നവർക്ക് കാലം ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ കരുതിവെച്ചിരിക്കുന്നത് അധികാര സിംഹാസത്തിൽ നിന്നുള്ള ഭ്രഷ്ടാകുമെന്നും ജലീൽ വ്യക്തമാക്കി.