ഭോപാല്‍- ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ 40,000 രൂപ മുടക്കിയതിന് അമ്മയുടെ ശകാരം കേട്ട 13കാരന്‍ ബാലന്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ ശാന്തിനഗറിലാണ് സംഭവം. സഹോദരിക്കൊപ്പം വീട്ടില്‍ ഒറ്റയ്ക്കായ സമയത്തായിരുന്നു ബാലന്റെ കടുംകൈ. അമ്മ പുറത്ത് ജോലിയിലായിരുന്നു. അക്കൗണ്ടില്‍ നിന്ന് 1500 രൂപ പിന്‍വലിക്കപ്പെട്ടതായി ഫോണില്‍ മെസേജ് ലഭിച്ച അമ്മ ഇക്കാര്യം വിളിച്ച് അന്വേഷിച്ചിരുന്നു. ഓണ്‍ലൈന്‍ ഗെയിം കളിച്ചകാര്യം മകന്‍ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്നാണ് അമ്മ ശകാരിച്ചത്. മനംനൊന്ത മകന്‍ മുറിയില്‍ കയറി വാതിലടച്ച് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു ആത്മഹത്യാ കുറിപ്പും മുറിയില്‍ നിന്ന് കണ്ടെടുത്തു. 40000 രൂപ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈന്‍ ഗെയിം കളിക്കാനായി ചെലവിട്ട കാര്യ ഈ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഈ പണം പിന്‍വലിച്ചത് ബാലന്‍ തന്നെയാണോ അതോ മറ്റാരെങ്കിലും ബാലനെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.