Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമെന്ന് കര്‍ണാടക

ബെംഗളുരു- അയല്‍ സംസ്ഥാനങ്ങളായ കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും എത്തുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനു 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ ആര്‍ടി പിസിആര്‍ നെഗറ്റീവ് ഫലം കാണിച്ചാലെ പ്രവേശനം അനുവദിക്കൂ. വിമാനം, ട്രെയ്ന്‍, ബസ്, സ്വകാര്യ വാഹനം എന്നീ മാര്‍ഗങ്ങളില്‍ വരുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ എടുത്തവര്‍ക്കും ഇത് ബാധകമാണെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. 

കേരള അതിര്‍ത്തികളായ ദക്ഷിണ കന്നഡ, കൊഡഗു, മൈസുരു ജില്ലകളിലും മഹാരാഷട്രയോട് ചേര്‍ന്ന് കിടക്കുന്ന ബെലഗാവി, വിജയപുര, കല്‍ബുര്‍ഗി, ബിദാര്‍ ജില്ലകളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. 72 മണിക്കൂറിനുള്ളില്‍ ചെയ്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം കാണിക്കുന്നവര്‍ക്കു മാത്രമെ ബോര്‍ഡിങ് പാസ് നല്‍കാവൂ എന്ന് വിമാന കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സമാന നിര്‍ദേശം റെയില്‍വേയ്ക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച കര്‍ണടാകയില്‍ കോവിഡ് കേസുകളില്‍ കുത്തനെ വര്‍ധന ഉണ്ടായതിനെ തുടര്‍ന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. വ്യാഴാഴ്ച 2052 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 34 ശതമാനമാണ് കേസുകളിലെ വര്‍ധന. ബെംഗളുരുവില്‍ മാത്രം 505 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 
 


 

Latest News