കൊല്‍ക്കത്ത- രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഈയിടെ പുറത്താക്കപ്പെട്ട ബിജെപി എംപിയും ബോളിവൂഡ് ഗായകനുമായ ബാബുല്‍ സുപ്രിയോ. താന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എംപി സ്ഥാനവും രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ വിടുകയാണ്....വിട' എന്നു തുടങ്ങുന്ന ഒരു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. ആസന്‍സോള്‍ എംപിയായ ബാബുല്‍ സുപ്രിയോ സെലിബ്രിറ്റി ഗായന്‍ എന്ന നിലയില്‍ 2014ല്‍ ആണ് ബിജെപിയില്‍ ചേര്‍ന്ന് ആദ്യമായി രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ലോക്‌സഭയിലേക്ക് ജയിച്ചെത്തിയ അദ്ദേഹത്തെ നഗരവികസന സഹമന്ത്രിയാക്കുകയും ചെയ്തു. രണ്ടാം മോഡി മന്ത്രിസഭയില്‍ വനം പരിസ്ഥിതി സഹമന്ത്രിയായിരുന്നു. ജൂലൈ ആദ്യത്തില്‍ നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ പുറത്താക്കപ്പെട്ടു. തൊട്ടു മുമ്പ് നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടോളിഗഞ്ച് മണ്ഡലത്തില്‍ നിന്ന് അര ലക്ഷം വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടിരുന്നു. ബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പില്‍ നേരിട്ടത്. ശേഷം നിരവധി ബിജെപി പ്രമുഖര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.
'അച്ഛന്‍, അമ്മ, ഭാര്യ, മകള്‍, രണ്ട് ഉറ്റ സുഹൃത്തുക്കള്‍ എന്നിവരുമായെല്ലാം സംസാരിച്ചു. എല്ലാവരേയും കേട്ടശേഷം എടുത്ത തീരുമാനം ഒരു പാര്‍ട്ടിയിലേക്കു പോകുന്നില്ല എന്നാണ്. ഞാന്‍ ഒറ്റ ടീം പ്ലെയറാണ്. ഏല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുള്ള ടീം മോഹന്‍ ബഗാന്‍ ആണ്. ബംഗാളില്‍ ബിജെപിയെ മാത്രമെ പിന്തുണിച്ചിട്ടുള്ളൂ. അത്ര മാത്രം. ഞാന്‍ വിടുകയാണ്', ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സുപ്രിയോ പറയുന്നു.