വാഷിങ്ടന്‍- ഇന്ത്യന്‍ അമേരിക്കന്‍ യുവ അഭിഭാഷകനായ റഷാദ് ഹുസൈനെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യാന്തര മതസ്വാതന്ത്ര്യ പ്രത്യേക അംബാസഡറായി നാമനിര്‍ദേശം ചെയ്തു. ഈ പദവിയിലെത്തുന്ന ആദ്യ മുസ്‌ലിം ആണ് റഷാദ് ഹുസൈനെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 41കാരനായ റഷാദ് ഇപ്പോള്‍ നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പാട്‌നര്‍ഷിപ്പ് ആന്റ് ഗ്ലോബല്‍ എന്‍ഗേജ്‌മെന്റ് ഡയറക്ടര്‍ ആണ്. എല്ലാ മതവിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു ഭരണകൂടെത്തെ കെട്ടിപ്പടുക്കാനുള്ള പ്രസിഡന്റിന്റെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നതാണ് ഈ നിയമനമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ നീതിന്യായ വകുപ്പിലെ നാഷനല്‍ സെക്യൂരിറ്റി വിഭാഗത്തില്‍ സീനിയര്‍ അഭിഭാഷകനായും റഷാദ് സേവനം ചെയ്തിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷനിലെ (ഒഐസി) യുഎസിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു റഷാദ്. യാലെ ലോ സ്‌കൂളില്‍ നിന്ന് നിയമ പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ റഷാദ് കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ഹാവാഡ് യുനിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക് ആന്റ് ഇസ് ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. ഉര്‍ദു, അറബിക്, സ്പാനിഷ് ഭാഷകളില്‍ പ്രാവീണ്യമുള്ള റഷാദ് ജോര്‍ജ്ടൗണ്‍ ലോ സെന്ററില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.