റോം-സംസ്‌കാരമെന്നത് വികസനത്തിന്റെ ചാലക ശക്തിയാണെന്ന് സൗദി സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍ പ്രസ്താവിച്ചു. ജി20 ഉച്ചകോടിയുടെ ഭാഗമായി ചേര്‍ന്ന രണ്ടാമത് സാംസ്‌കാരിക മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കപ്പെടുകയെന്നത് പ്രധാനമാണ്. ലോക ജനതയെ ഒന്നിപ്പിക്കുന്ന പ്രധാന കണ്ണിയാണ് പൈതൃക സ്മാരകങ്ങള്‍. ഇവ വരും തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കപ്പെടണം. പുരാവസ്തുക്കളുടെ അനധികൃത കടത്ത് തടയാന്‍ നിയമ സംവിധാനം വേണം. ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇറ്റലി മഹത്തായ മാതൃകയാണെന്നും ബദര്‍ രാജകുമാരന്‍ പറഞ്ഞു. ജി20 സാംസ്‌കാരിക മന്ത്രിതല സമിതിയുടെ ഉപാധ്യക്ഷന്‍ കൂടിയാണ് സൗദി മന്ത്രി. കഴിഞ്ഞ വര്‍ഷം സൗദി തലസ്ഥാനമായ റിയാദിലായിരുന്നു ജി20 ഉച്ചകോടി. സൗദി അറേബ്യയ്ക്കായിരുന്നു ജി 20 അധ്യക്ഷ സ്ഥാനം. അപ്പോഴാണ് സൗദി അറേബ്യ മുന്‍കൈയെടുത്ത് സാംസ്‌കാരിക സമിതിയ്ക്ക് രൂപം നല്‍കിയതും ആദ്യ സമ്മേളനം ചേര്‍ന്നതും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഈ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ജി20 രാജ്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അടുത്ത കാലത്തായി കൂടുതല്‍ പൈതൃക സ്മാരകങ്ങള്‍ യുനെസ്‌കോ പട്ടികയിലുള്‍പ്പെടുത്തി മികവ് പ്രകടിപ്പിച്ച രാജ്യമാണ് സൗദി അറേബ്യ. ലോക ജനസംഖ്യയുടെ അറുപത് ശതമാനത്തെ പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളാണ് ജി20 അംഗങ്ങള്‍. 2.3 ട്രില്യണ്‍ യു.എസ് ഡോളര്‍ നിക്ഷേപമുള്ള ഈ മേഖലയ്ക്കായി ജി20 സാംസ്‌കാരിക സമിതിയില്‍ നയപ്രഖ്യാപനമുണ്ടാവുമെന്നാണ് കരുതുന്നത്.