ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പുലര്‍ച്ചെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 2019 ലെ പുല്‍വാമ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകന്‍ മൊഹദ് ഇസ്മയില്‍ ആല്‍വിയെന്ന് സൈന്യം. ജെയ്ശെ മുഹമ്മദ് ഭീകരനും പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ സ്വദേശിയുമാണ് ഇയാള്‍.
ദക്ഷിണ കശ്മീരിലെ ജെയ്ശെ മുഹമ്മദിന്റെ ഓപറേഷനല്‍ കമാന്‍ഡര്‍ ആയിരുന്നു മൊഹദ് ഇസ്മയില്‍ ആല്‍വി. മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ സന്ദേശങ്ങള്‍ അയക്കുന്നതിലും ഐ.ഇ.ഡി നിര്‍മ്മാണത്തിലും ഇയാള്‍ വിദഗ്ധനായിരുന്നു. ഇയാള്‍ അദ്നാന്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നുവെന്ന് സൂചനയുണ്ട്.
ജെയ്ശെ സ്ഥാപകന്‍ മൗലാന മസൂദ് അസറിന്റെ അടുത്ത ബന്ധുവാണെന്നും പറയപ്പെടുന്നു. 2018ല്‍ ഇന്ത്യയില്‍ നുഴഞ്ഞുകയറിയ ഇയാള്‍ അന്നു മുതല്‍ കശ്മീരില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പുല്‍വാമയില്‍ രണ്ടു വര്‍ഷം മുന്‍പ് സി.ആര്‍.പി.എഫ് വാഹനവ്യുഹത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്് ഐ.ഇ.ഡി ഉപയോഗിച്ചായിരുന്നു ആക്രമണം.