മഞ്ചേരി-കോടതിയില്‍ പരാതി നല്‍കിയതിലുള്ള വിരോധം മൂലം ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഫറോക്ക് പെരുമുഖം പുത്തൂര്‍ ഭാസ്കരന്റെ മകന് ഷാജി (51) യെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ടി.പി സുരേഷ് ബാബു ശിക്ഷിച്ചത്. 2013 ഫെബ്രുവരി 20ന് പുലര്‍ച്ചെ 1.30നായിരുന്നു കൊലപാതകം. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി കേടക്കളത്തില്‍ ഷൈനി (36) യാണ് കൊല്ലപ്പെട്ടത്. സ്ഥിരമായി മദ്യപിച്ചെത്തി മര്‍ദിക്കുന്നത് പതിവായതിനാല്‍ ഷൈനി ഭര്‍ത്താവുമായി പിണങ്ങി പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടെ വിവാഹ മോചനം ആവശ്യപ്പെട്ട് ഷൈനി കോടതിയെ സമീപിച്ചതാണ് ഷാജിയെ പ്രകോപിപ്പിച്ചത്. സംഭവദിവസം അര്‍ധരാത്രി ഷൈനിയുടെ വീട്ടിലെത്തിയ പ്രതി അര മണിക്കൂറോളം ഭാര്യയുമായി സംസാരിച്ചുവെങ്കിലും അനുരഞ്ജനത്തിന് തയാറാകാത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭാര്യയെ കടിച്ചും കറിക്കത്തി കൊണ്ടു കഴുത്തറുത്തും വെട്ടു കത്തി കൊണ്ടു തലക്ക് വെട്ടിയും മേശക്കാല്‍ക്കാല്‍ കൊണ്ടു ദേഹമാസകലം അടിച്ചുമാണ് കൊലപ്പെടുത്തിയത്. മൃതദേഹത്തില്‍ 56 മുറിവുകള്‍ ഉണ്ടായിരുന്നു. കേസിലെ സാക്ഷികളായ ഷൈനിയുടെ മാതാവ് കമലയുടെ ആറു പല്ലുകള്‍ പ്രതിയുടെ മര്‍ദനത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടിരുന്നു. മാതൃസഹോദരി വിമല, ആറു വയസുകാരി മകള്‍ ദിയ എന്നിവര്‍ക്കും പരിക്കേറ്റു.
ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം കൊലപാതകത്തിനു ജീവപര്യന്തം തടവ്, 75,000 രൂപ പിഴ, പിഴയടക്കാത്തപക്ഷം മൂന്നു വര്‍ഷം അധിക തടവ്, 326 പ്രകാരം ആയുധം കൊണ്ടു അക്രമിച്ച് എല്ല്, പല്ല് എന്നിവ പൊട്ടിച്ചതിനു നാലു വര്‍ഷം കഠിന തടവ്, 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. പിഴയക്കുന്ന പക്ഷം തുക ഷൈനിയുടെ മാതാവ് കമല, മകള്‍ ദിയ എന്നിവര്‍ നല്‍കാനും വിധിച്ച കോടതി പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. താനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.സി സന്തോഷാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.വാസു ഹാജരായി.