ന്യൂദല്‍ഹി- കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാതെ തങ്ങളുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കില്ലെന്നു രക്ഷകര്‍ത്താക്കള്‍. അടുത്തിടെ നടന്ന സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം രക്ഷിതാക്കളും ഈ അഭിപ്രായക്കാരാണ്. രാജ്യത്തെ 361 ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 32,000 രക്ഷിതാക്കളില്‍ 30 ശതമാനം പേരും തങ്ങളുടെ ജില്ലയിലെ കോവിഡ് പോസിറ്റീവ് കേസുകള്‍ പൂജ്യത്തിലെത്തിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്കയക്കൂ എന്ന നിലാപാടാണ് സ്വീകരിക്കുന്നത്.
കുട്ടികള്‍ സ്‌കൂളില്‍ പോകണമെങ്കില്‍ വരും മാസങ്ങളില്‍ അവര്‍ക്ക് കുത്തിവെപ്പ് നല്‍കുക എന്നത് വളരെ പ്രധാനമാണ്. സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം രക്ഷിതാക്കളും വാക്‌സിന്‍ ലഭിക്കാതെ കുട്ടികളെ സ്‌കൂളുകളിലേക്ക് വിടില്ല എന്ന അഭിപ്രായക്കാരാണ്. ലോക്കല്‍ സര്‍ക്കിള്‍സ് ഓണ്‍ലൈനായി നടത്തിയ സര്‍വ്വേയില്‍ പറയുന്നു. എന്നാല്‍ 21 ശതമാനം രക്ഷിതാക്കള്‍ എപ്പോള്‍ സ്‌കൂള്‍ തുറന്നാലും തങ്ങളുടെ കുട്ടികളെ പറഞ്ഞയക്കാന്‍ തയ്യാറാണ് എന്ന് പറയുന്നു.കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉടന്‍ വിതരണം ചെയ്യാന്‍ തുടങ്ങിയേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ചെവ്വാഴ്ച അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളും അടച്ചിടണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുക്കെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തൊട്ട് മുമ്പായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചില സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം വീണ്ടും കേസുകള്‍ കൂടാന്‍ വഴിയൊരുക്കിയതോടെ സ്‌കൂളുകള്‍ വീണ്ടും അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ മാസം മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് ആദ്യം വാരം തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനങ്ങളിലും സ്‌കൂളകളിലെ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. റദ്ദാക്കിയ സിബിഎസ്ഇ പരീക്ഷകളുടെ ഫലങ്ങള്‍ മോഡല്‍ എക്‌സാം, മുന്‍ വര്‍ഷങ്ങളിലെ ഫലങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തി നിര്‍ണ്ണിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഫലങ്ങള്‍ പുറത്തുവിടുമെന്നാണ് കരുതപ്പെടുന്നത്.അതേസമയം കേരളത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ നടത്തിയിരുന്നു. ഫലവും പ്രഖ്യാപിച്ചു.