Sorry, you need to enable JavaScript to visit this website.

ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതല്ല, ഐഡി നോക്കി ഉറപ്പിച്ച് താലിബാൻ വെടിവച്ചു കൊന്നതാണെന്ന് റിപോര്‍ട്ട്

വാഷിങ്ടന്‍- അഫ്ഗാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദീഖി കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുണ്ടായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതല്ലെന്ന് റിപോര്‍ട്ട്. താലിബാന്‍ സേന ഡാനിഷിന്റെ ഐഡി പരിശോധിച്ച് ഇന്ത്യന്‍ മാധ്യപ്രവര്‍ത്തകനാണെന്ന് ഉറപ്പാക്കിയ ശേഷം വെടിവച്ചു കൊന്ന് മൃതദേഹം വികൃതമാക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ മാധ്യമം വാഷിങ്ടന്‍ എക്‌സാമിനര്‍ റിപോര്‍ട്ട് ചെയ്യുന്നു. പുലിറ്റ്‌സര്‍ സമ്മാന ജേതാവ് കൂടിയായ ഡാനിഷ് അഫ്ഗാന്‍ നാഷനല്‍ ആര്‍മിയുടെ കൂടെയാണ് പോരാട്ടം നടന്ന സ്പിന്‍ ബോര്‍ഡാക്കില്‍ എത്തിയത്. ഇവിടെ പാക് അതിര്‍ത്തി നിയന്ത്രണം പിടിച്ചെടുക്കാന്‍ അഫ്ഗാന്‍ സേനയും താലിബാനും തമ്മില്‍ രൂക്ഷ പോരാട്ടമാണ് നടന്നത്. 

ഡാനിഷ് ഉള്‍പ്പെട്ട അഫ്ഗാന്‍ സേനാ സംഘം അതിര്‍ത്തിയിലെ കസ്റ്റംസ് പോസ്റ്റിനു അടുത്തെത്തിയപ്പോഴാണ് താലിബാന്‍ ആക്രമണമുണ്ടായത്. ഇതോടെ അഫ്ഗാന്‍ സേനാ സംഘം ചിതറി. കമാന്‍ഡറും കൂടെയുള്ള ഒരു ചെറുസംഘവും ഡാനിഷില്‍ നിന്നും അകലെയായി. ഈ സമയം ഡാനിഷിനൊപ്പം മൂന്ന് അഫ്ഗാന്‍ സൈനികര്‍ മാത്രമാണുണ്ടായിരുന്നത്. ഇവര്‍ക്കു നേരെ ആക്രമണം ഉണ്ടാകുകയും ഡാനിഷിന് വെടിയേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന ഒരു പള്ളിയില്‍ ചെന്നു കയറുകയും അവിടെ ഇവര്‍ക്ക് പ്രഥമശുശ്രൂഷ ലഭിക്കുകയും ചെയ്തു. ഇതിനിടെ പള്ളിയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കയറി എന്ന വിവരം ലഭിച്ചതോടെ താലിബാന്‍ പള്ളിക്കു നേരെ ആക്രമണം നടത്തി. പള്ളിയില്‍ ഡാനിഷ് ഉണ്ടായിരുന്നത് കൊണ്ടു മാത്രമാണ് താലിബാന്‍ പള്ളി ആക്രമിച്ചതെന്ന് അഫ്ഗാന്‍ നടത്തിയ അന്വേഷണം പറയുന്നു. പള്ളിയില്‍ നിന്ന് താലിബാന്‍ ഡാനിഷിനെ ജീവനോടെ പിടികൂടുകയും ആരാണെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഡാനിഷിനേയും കൂടെ ഉണ്ടായിരുന്ന അഫ്ഗാന്‍ സൈനികരേയും താലിബാന്‍ സംഘം വെടിവച്ചു കൊന്നത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച കമാന്‍ഡറും കൂടെയുള്ള സംഘവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 

വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു ഫോട്ടോയില്‍ ഡാനിഷിന്റെ മുഖം വളരെ വ്യക്തമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ അധികൃതരില്‍ നിന്ന് ലഭിച്ച മറ്റു ഫോട്ടോകളിലും വിഡിയോകളിലും ഡാനിഷിനെ താലിബാനികള്‍ മര്‍ദിക്കുകയും തലപിടിച്ച് അടിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. ഡാനിഷിന്റെ ശരീരത്തില്‍ നിരവധി വെടിയുണ്ടകളേറ്റ് വികൃതമായ നിലയിലായിരുന്നു- അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഫെലോ ആയ മിക്കായേല്‍ റൂബിന്‍ എഴുതുന്നു. യുദ്ധ മര്യാദകളും ഉടമ്പടികളും ലംഘിച്ചാണ് താലിബാന്‍ ഡാനിഷിന്റെ മൃതദേഹം വികൃതമാക്കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു. 

Latest News