കോവിഡ് ഭേദമായവരും രണ്ടു ഡോസ് വാക്സിന്‍ എടുക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം

റിയാദ്- കോവിഡ് ബാധിച്ച് ഒരു ഡോസ് വാക്‌സിനെടുത്ത് ഇമ്മ്യൂണ്‍ ആയവര്‍ രണ്ടാം ഡോസും എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് വകഭേദങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് ഇത് ഏറെ ഉപകാരപ്രദമാകുമെന്നും സിഹതീ, തവക്കല്‍നാ ആപുകള്‍ വഴി രണ്ടാം ഡോസ് എടുക്കുന്നതിന് സൗകര്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദി അംഗീകരിച്ച എല്ലാ വാക്‌സിനുകളും രോഗപ്രതിരോധശേഷിയുള്ളവയാണ്. പൂര്‍ണമായും സാമൂഹിക സുരക്ഷയാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.
കോവിഡ് ഭേദമായവര്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്താല്‍ മതിയെന്നായിരുന്നു ഇതുവരെ ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നത്. വിവിധ രാജ്യങ്ങളില്‍ പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെയാണ് എല്ലാവരും രണ്ടുഡോസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സൗദിയില്‍ 587 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുളളത്.

Latest News