Sorry, you need to enable JavaScript to visit this website.

കാസിം ഇരിക്കൂർ ഏകാധിപതിയെ പോലെ പെരുമാറി- എ.പി.അബ്ദുല്‍വഹാബ്

കോഴിക്കോട്- പാര്‍ട്ടിയില്‍ നടക്കുന്നത് വ്യക്തികള്‍ തമ്മിലുള്ള യുദ്ധമല്ല. മൂല്യവും സംശുദ്ധ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കാനുള്ള നിലപാടുകളുടെ പോരാട്ടമാണ്. ഇടതുപക്ഷ മതേതരമൂല്യങ്ങളില്‍ വിശ്വസിക്കുന്ന പ്രവര്‍ത്തകര്‍ ഈ ഘട്ടത്തില്‍ നല്‍കുന്ന പിന്തുണയാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്തെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ബഷീര്‍ ബഡേരി അദ്ധ്യക്ഷത വഹിച്ചു.
 
പുറത്താക്കപ്പെട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ യോഗം പ്രമേയം പാസാക്കി. സ്ഥാനമേറ്റതിന് ശേഷം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കാസിം ഇരിക്കൂര്‍ പാര്‍ട്ടിയിലെ സമുന്നതരായ നേതാക്കളെ പുറത്താക്കാന്‍ ഏകാധിപതിയെ പോലെ പെരുമാറി.
മലപ്പുറം ജില്ലയില്‍ കടുത്ത വിഭാഗീയത വളര്‍ത്താന്‍ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ പ്രസിഡന്റും ഒറ്റക്കെട്ടായി മത്സരിക്കുകയായിരുന്നു. പാര്‍ട്ടിയെ ഇന്നോളം നയിച്ച നേതാക്കള്‍ പുറത്തും, അടുത്ത കാലത്ത് പാര്‍ട്ടിയിലേക്ക് കടന്നുവന്ന കാസിം സെക്രട്ടറി സ്ഥാനത്ത് എത്തിയതോടെ തന്നിഷ്ട്രപ്രകാരം സംസ്ഥാന പ്രസിഡന്റിനെ പോലും പുറത്താക്കുന്നതാണ് രാഷ്ട്രീയ കേരളം കണ്ടത്.
 
സമവായത്തിലൂടെ പരിഹാര നിര്‍ദ്ദേശത്തിന് ശ്രമിക്കേണ്ട അഖിലേന്ത്യാ നേതൃത്വം നേതാക്കളുടെ അകല്‍ച്ച കൂട്ടാനും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുമാണ് ശ്രമിച്ചത്. തുറമുഖ മന്ത്രി പദം ദുരുപയോഗം ചെയ്ത് കാസിം ഇരിക്കൂര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സി പി ഐഎം ലും മുന്നണിയിലും അതൃപ്തിയുണ്ടാക്കിയെന്നും പ്രമേയത്തില്‍ പറയുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍ കെ അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജന.സെക്രട്ടരി സി പി നാസര്‍ കോയ തങ്ങള്‍, സംസ്ഥാന സെക്രട്ടരി ഒ പി ഐ കോയ, സെക്രട്ടരിയേറ്റംഗം പോക്കര്‍ മാസ്റ്റര്‍, ജില്ലാ ഭാരവാഹികളായ സീതിക്കുട്ടി മാസ്റ്റര്‍, പി ബാവ മാസ്റ്റര്‍, പി.ആലിക്കുട്ടി, മാസ്റ്റര്‍, കെ.കെ.മുഹമ്മദ് മാസ്റ്റര്‍, മെഹബൂബ് കുറ്റിക്കാട്ടൂര്‍, എംഎം മൗലവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ല ജന.സെക്രട്ടരി ശര്‍മ്മദ് ഖാന്‍ സ്വാഗതവും അസീസ് പൊയില്‍ നന്ദിയും പറഞ്ഞു.

Latest News