മുംബൈ- കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കും പ്രമുഖര്‍ക്കുമെതിരെ ഉപയോഗിച്ച ഇസ്രാഈലി ചാര സോഫ്റ്റ്‌വെയര്‍ പെഗസസ് സിബിഐയുടേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും ആദായ നികുതി വകുപ്പിന്റേയും ശാഖയാണെന്ന രൂക്ഷ വിമര്‍ശനവുമായി ശിവസേന. പെഗസസ് ഉപയോഗിച്ച് നടത്തിയ രഹസ്യ നിരീക്ഷണം സംബന്ധിച്ച് അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ചെവികൊള്ളാത്ത സര്‍ക്കാരിനെതിരെ രൂക്ഷപ്രതികരണവുമായാണ് ശിവസേന രംഗത്തെത്തിയത്. ഈ രാജ്യത്തെ ജനങ്ങള്‍ പെഗസസിനെ കാണുന്നത് സിബിഐയുടേയും ഇഡിയുടേയും ഒരു ശാഖ എന്ന നിലയിലാണ്- ശിവസേന പത്രമായ സാംന മുഖപ്രസംഗത്തില്‍ ആരോപിച്ചു.
പാര്‍ലമെന്റ് പ്രവര്‍ത്തനം സുഗമമാക്കേണ്ടത് പ്രതിപക്ഷത്തേക്കാള്‍ ഭരണകക്ഷിയുടെ ഉത്തരവാദിത്തമാണ്. പെഗസസ് വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ പാര്‍ലമെന്റ് സമ്മേളനം സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതാണ് ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയെന്നും സാംന ചൂണ്ടിക്കാട്ടി.
പെഗസസ് ചാരവൃത്തി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് ബംഗാള്‍ സര്‍ക്കാര്‍ നപടപടിയെ ശിവസേന സ്വാഗതം ചെയ്തു. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.