ന്യൂദല്‍ഹി- കേരളത്തില്‍ ദിനംപ്രതിയുള്ള പുതിയ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സഹായിക്കാന്‍ ആറംഗ വിദഗ്ധ സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടറുടെ നേതൃതിലുള്ള ആറംഗ സംഘമാണ് കേരളത്തിലെത്തുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് പകരം വ്യാപനം ശമിപ്പിക്കുന്നതിലാണ് സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. അതിവ്യാപനം ഉണ്ടാക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ നടന്നതായും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ഈയിടെ കേരളത്തിന് കത്തയച്ചിരുന്നതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു.
കോവിഡ് മികച്ച രീതിയില്‍ മാനേജ് ചെയ്യുന്നതിന് പേര്‌കേട്ട കേരളത്തില്‍ നിന്നാണ് ഇപ്പോള്‍ രാജ്യത്തെ മൊത്തം ദിനംപ്രതിയുള്ള കോവിഡ് കേസുകളില്‍ പകുതിയും റിപോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 22,000ലേറെ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇത് ആശങ്കാജനകമല്ലെങ്കിലും ഹോസ്പിറ്റലൈസേഷന്‍ കേസുകള്‍ 3200 ആയി വര്‍ധിച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം ചൂണ്ടിക്കാട്ടുന്നു. ദിനേനയുള്ള ശരാശരി കോവിഡ് കേസുകളും പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു തന്നെ തുടരുകയാണ്.
Central Government is sending 6 member team to Kerala headed by NCDC Director.
— Mansukh Mandaviya (@mansukhmandviya) July 29, 2021
As large number of COVID cases are still being reported in Kerala, the team will aid state’s ongoing efforts in #COVID19 management.
ഐസിഎംആറിന്റെ ഏറ്റവും പുതിയ സിറോ സര്‍വെ ഫലം അനുസരിച്ച് ഇന്ത്യയില്‍ കോവിഡ് പ്രതിരോധശേഷി ഏറ്റവും കുറവുള്ളത് കേരളത്തിലാണ്. വാക്‌സിന്‍ സ്വീകരിച്ചവരും കോവിഡ് വന്ന് സുഖപ്പെട്ടവരും അടക്കം സംസ്ഥാനത്ത് 44.4 ശതമാനം ജനങ്ങള്‍ക്കു മാത്രമെ കോവിഡ് പ്രതിരോധശേഷിയുള്ളൂ.