ധന്‍ബാദ്- ജാര്‍ഖണ്ഡില്‍ ബുധനാഴ്ച ജില്ലാ അഡീഷനല്‍ ജഡ്ജി ഉത്തം ആനന്ദ് വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ സംശയങ്ങളുയര്‍ത്തി സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. വാഹനമിടിച്ച് മരിച്ചതാണെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ ഇത് മനപ്പൂര്‍വ്വം വാഹനം ഇടിപ്പിച്ച് കൊന്നതാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ദൃശ്യങ്ങള്‍. ജഡ്ജിയെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറേയും സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മോഷ്ടിച്ചതായിരുന്നു ഈ വാഹനമെന്നും പോലീസ് കണ്ടെത്തി. ധന്‍ബാദിനെ നിരവധി മാഫിയാ കൊലപാതകക്കേസുകള്‍ പരിഗണിച്ചുവരുന്ന ജഡ്ജിയാണ് ഉത്തം ആനന്ദ്. ഈയിടെ രണ്ട് കുപ്രസിദ്ധ ഗുണ്ടകള്‍ക്ക് ജഡ്ജി ജാമ്യം നിഷേധിച്ചിരുന്നു. ഈ വഴിക്കും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവം ഇന്ന് സുപ്രീം കോടതിയിലുമെത്തി. ബാര്‍ കൗണ്‍സിലാണ് ഇക്കാര്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജാര്‍ഖണ്ഡ് ഹൈക്കോടതിയെ ബന്ധപ്പെട്ട് ഈ സംഭവത്തെ കുറിച്ച് ആരാഞ്ഞിട്ടുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. ഈ സംഭവത്തെ കുറിച്ച് അറിഞ്ഞെന്നും ജാര്‍ഖണ്ഡ് ഹൈക്കോടതി കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
ബുധനാഴ്ച പ്രഭാത നടത്തത്തിനിറങ്ങിയ ജഡ്ജി ഉത്തം ആനന്ദ് അജ്ഞാത വാഹനമിടിച്ച് മരിച്ചുവെന്നായിരുന്നു ആദ്യ റിപോര്‍ട്ടുകള്‍. ധന്‍ബാദിലെ തന്റെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ ദൂരെ പുലര്‍ച്ചെ അഞ്ചു മണിക്കാണ് സംഭവം. പരിക്കേറ്റ ജഡ്ജി ആശുപത്രിയിലാണ് മരിച്ചത്. പിറകില്‍ നിന്ന് വന്ന ടെംപോ മനപ്പൂര്‍വം ജഡ്ജിയെ ഇടിക്കുകയും പിന്നീട് ഓടിച്ച് കടന്നു കളയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
രാവിലെ നടക്കാനിറങ്ങിയ ഉത്തം ആനന്ദ് ഏഴു മണിയായിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് വാഹനമിടിച്ച് ആശുപത്രിയിലെത്തിച്ച ജഡ്ജി അവിടെ വച്ച് മരണപ്പെട്ടതായി കണ്ടെത്തിയത്. വാഹനം കരുതിക്കൂട്ടി ജഡ്ജിയെ ഇടിക്കുകയായിരുന്നുവെന്ന് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു.
धनबाद के ज़िला सत्र जज उत्तम आनंद का बुधवार सुबह मोर्निंग वॉक में एक ऑटो के ठक्कर में मौत का मामला गहराता जा रहा हैं @ndtvindia @Anurag_Dwary pic.twitter.com/oV3m3Ca6x0
— manish (@manishndtv) July 28, 2021