ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 'കണ്ണിലുണ്ണി' എന്ന ആക്ഷേപം നേരിട്ട മുന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ദല്‍ഹി പോലീസ് മേധാവിയായി നിയമിച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിരമിക്കാന്‍ ആറു മാസത്തില്‍ താഴെ മാത്രം കാലാവധി ബാക്കിയുള്ള ഓഫീസര്‍മാരെ പോലീസ് മേധാവിമാരായി നിയമിക്കരുതെന്നാണ് സുപ്രീം കോടതി വിധി. ഇക്കാരണത്താല്‍ സിബിഐ ഡയറക്ടര്‍ പദവി നഷ്ടമായ ഉദ്യോഗസ്ഥനാണ് അസ്താന. എന്നാല്‍ ഇതേ കാരണം അദ്ദേഹത്തെ ദല്‍ഹി പോലീസ് മേധാവിയായി നിയമിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിഗണിച്ചില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ജൂലൈ 31ന് സര്‍വീസ് കാലാവധി അവസാനിച്ച് അസ്താന വിരമിക്കാനിരിക്കെയാണ് ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കി ദല്‍ഹി പോലീസ് കമ്മീഷണറായി നിയമിച്ചത്.
വിരമിക്കാനിരിക്കുന്ന അസ്താനയെ ദല്‍ഹി പോലീസ് മേധാവിയായി നിയമിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നത് എന്താണ്? എന്താണ് സര്‍ക്കാര്‍ ഭയക്കുന്നത്? മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ അസ്താനയുടെ പക്കല്‍ എന്താണ് ഉള്ളത്? പവന്‍ ഖേര ചോദിച്ചു. ഇസ്രായീലി ചാരസോഫ്റ്റ് വെയര്‍ പെഗസസ് നിരീക്ഷണ പട്ടികയിലും അസ്താന ഉള്‍പ്പെട്ടിരുന്നു. പുതിയ നിയമനം എന്തിനെങ്കിലുമുള്ള പ്രത്യുപകാരമാണോ എന്നും അദ്ദേഹം ചോദിച്ചു. കേഡറിനു പുറത്തു നിന്നുള്ള നിയമനം എന്ന നിലയിലും അസ്താനയുടെ പുതിയ നിയമനം ചോദ്യങ്ങളുയര്‍ത്തുന്നുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.