Sorry, you need to enable JavaScript to visit this website.

മുലയൂട്ടൽ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം

മയാമി - ആറു മാസം കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാരിൽ പ്രമേഹ രോഗ സാധ്യത പകുതിയോളം കുറയുമെന്ന് പുതിയ പഠനം. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലായ ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ വിശദമാക്കുന്നത്. 

മൂന്ന് പതിറ്റാണ്ടോളം നീണ്ട കാലയളവിൽ 1200 ആഫ്രിക്കൻ വംശജർ ഉൾപ്പെടെയുള്ള അമേരിക്കൻ വനിതകളിലാണ് പഠനം നടത്തിയത്. മുലയൂട്ടൽ കാലയളവും പ്രമേഹ രോഗം പിടിപെടാനുള്ള സാധ്യതയും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് പഠനത്തിൽ കണ്ടെത്തിയതായി ഇതിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞരായ എറിക്ക ഗുൻഡേഴ്‌സൺ, കൈസർ പെർമനെന്തെ എന്നിവർ പറയുന്നു.

ആറു മാസമോ അതിൽ കൂടുതലോ കാലം കുഞ്ഞുങ്ങളെ മുലയൂട്ടുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് ടൈപ്പ് റ്റു പ്രമേഹ സാധ്യത 47 ശതമാനം വരെ കുറയുന്നു. ആറു മാസമോ അതിൽ താഴെയോ കാലം മാത്രം മുലയൂട്ടിയവരിൽ രോഗ സാധ്യത 25 ശതമാനവും കുറയുന്നതായി കണ്ടെത്തി. 

മുലയൂട്ടൽ പ്രക്രിയ രക്തത്തിലെ ഇൻസുലിന്റേയും പഞ്ചസാരയുടേയും അളവ് നിയന്ത്രിച്ച് ഹോർമോണുകളുടെ രൂപത്തിൽ പാൻക്രിയാസിൽ പ്രതിരോധ ഫലങ്ങളുണ്ടാക്കുന്നതായും ഗവേഷകർ പറയുന്നു. മുലയൂട്ടൽ കാലയളവ് വർധിപ്പിച്ചപ്പോൾ പ്രമേഹം പടിപടിയായി കുറയുന്നതായും കണ്ടെത്തി. ശരീര വലിപ്പം, ജീവിത ശൈലികൾ, വർഗം തുടങ്ങിയ ഘടകങ്ങളൊന്നും ഈ മാറ്റത്തിന് വിലങ്ങാകുന്നില്ലെന്ന് ഗുൻഡേഴ്‌സൺ പറഞ്ഞു. മുലയൂട്ടൽ സ്തനാർബുദം തടയുമെന്ന് നേരത്തെ പഠനത്തിൽ കണ്ടെത്തിയിരുന്നു.
 

Latest News