ഭോപാൽ- മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഒരു റോഡ്‌ഷോയ്ക്കിടെ തന്റെ സുരക്ഷാ ജീവനക്കാരിൽ ഒരാളെ അടിക്കുന്ന ദൃശ്യം വൈറലായതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരനെ തൊഴിലിൽ തടയുന്നതിനെതിരായ ഐപിസി 353 വകുപ്പു ചുമത്തി ചൗഹാനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് അജയ് സിംഗ് ആവശ്യപ്പെട്ടു. അധികാരം മുഖ്യമന്ത്രിയെ അന്ധനാക്കിയിരിക്കുകയാണെന്നും നയങ്ങളിലെ പാളിച്ച അദ്ദേഹത്തെ രോഷാകുലനാക്കിയിരിക്കുകയാണെന്നും അജയ് സിംഗ് പറഞ്ഞു.
ധാർ ജില്ലയിലെ സർദാർപൂരിൽ ഒരു റോഡ് ഷോയ്ക്കിടെയാണ് മുഖ്യമന്ത്രി തന്റെ സുരക്ഷാ ജീവനക്കാരിൽ ഒരാളെ അടിച്ചത്. ആൾക്കൂട്ടത്തോടൊപ്പം നടന്നു നീങ്ങുന്നതിനിടെ രോഷാകുലനായ ചൗഹാൻ കൈ കൊണ്ട് ഒരാളെ അടിക്കുന്ന വീഡിയോയാണ് വൈറലായത്.
സുരക്ഷാ ജീവനക്കാരനെ മുഖ്യമന്ത്രി അടിക്കുന്ന ദൃശ്യം തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നെന്നാണ് ബി.ജെ.പി വാദം. ജനത്തിരക്കേറിയ പരിപാടിയായിരുന്നു അതെന്നും സുരക്ഷാ ജീവനക്കാരൻ മുഖ്യമന്ത്രിയുടെ മുറിവേറ്റ കാലിൽ രണ്ടു തവണ ചവിട്ടിയതിനെ തുടർന്നുള്ള പ്രതികരമായിരുന്നെന്നും മുതിർന്ന ബിജെപി നേതാവ് ഹിതേഷ് ബാജ്‌പേയ് പറഞ്ഞു. മുറിവിൽ ചവിട്ടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരമെന്നോളം മുഖ്യമന്ത്രി തന്റെ സുരക്ഷാ ജീവനക്കാരനെ പിടിച്ചു മാറ്റുകയായിരുന്നെന്നാണ് ബിജെപി വാദം.