ന്യൂദല്‍ഹി- ഓഹരി വ്യാപാര പ്രമുഖനും ശതകോട്വീശ്വരനുമായ രാകേഷ് ജുന്‍ജുന്‍വാല ഇന്ത്യയില്‍ പുതിയ വിമാന കമ്പനി തുടങ്ങുന്നു. ആകാശ എയര്‍ എന്ന് പേരിട്ടിട്ടിരിക്കുന്ന ഈ കമ്പനി ഏറ്റവും കുറഞ്ഞ ചെലവില്‍ വിമാന യാത്ര സാധ്യമാക്കുമെന്നാണ് പ്രഖ്യാപനം. അള്‍ട്രാ ലോ കോസ്റ്റ് വിമാനകമ്പനി എന്നാണ് ആകാശയെ വിശേഷിപ്പിക്കുന്നത്. 261 കോടി രൂപയോളം ഈ കമ്പനിയില്‍ നിക്ഷേപിക്കുമെന്നും 40 ശതമാനം ഓഹരി സ്വന്തമാക്കുമെന്നും ബ്ലൂംബര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ജുന്‍ജുന്‍വാല പറഞ്ഞു.
അടുത്ത നാലു വര്‍ഷത്തിനകം 70 വിമാനങ്ങള്‍ സ്വന്തമാക്കാനാണു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. വരുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ കൂടുതല്‍ പേരും വിമാന യാത്രയായിരിക്കും തെരഞ്ഞെടുക്കുക എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. അമേരിക്കന്‍ വിമാന കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സിലെ മുന്‍ സീനിയര്‍ ഉദ്യോഗസ്ഥരടക്കമുള്ളവരാണ് കമ്പനിയെ നയിക്കുക. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് ആദ്യ ഘട്ടത്തില്‍ കമ്പനി ഉപയോഗിക്കുക.
കോവിഡ് മുമ്പ് തന്നെ പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വലിയ വളര്‍ച്ചാ പ്രതീക്ഷയാണ് ജുന്‍ജുന്‍വാല കാണുന്നത്. ഡിമാന്‍ഡിന്റെ കാര്യത്തില്‍ വലിയ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറയുന്നു. കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ ഇന്ത്യന്‍ വ്യോമയാന മേഖലയുടെ തിരിച്ചുവരവ് ഇനിയും വൈകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ നിലവിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ കോവിഡ് കാരണം പ്രതീക്ഷിച്ചതിലേറെ വലിയ നഷ്ടമാണ് ഇപ്പോള്‍ നേരിട്ടത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായിരുന്ന ജെറ്റ് എയര്‍ലൈന്‍സ്, രണ്ടാമത്തെ ഏറ്റവും വലിയ ബജറ്റ് വിമാന കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് എന്നിവരയാണ് ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ പൂട്ടിപ്പോയ വിമാന കമ്പനികള്‍. ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയാകട്ടെ കോടിക്കണക്കിന് രൂപയുടെ കടത്തിനു പുറത്താണ് പറന്നു കൊണ്ടിരിക്കുന്നത്. എയര്‍ ഇന്ത്യ വിറ്റ് സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടില്ല.