ന്യൂദല്‍ഹി- സുപ്രീം കോടതിയില്‍ പ്രതിസന്ധിക്കിടയാക്കിയ ജസ്റ്റിസ് ലോയയുടെ ദൂരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികള്‍ മറ്റൊരു ബെഞ്ചിലേക്കു മാറ്റാന്‍ സാധ്യത തെളിയുന്നു. ഈ ഹരജികള്‍ പരിഗണിക്കുന്ന ബെഞ്ചിലെ രണ്ട് ജഡ്ജിമാരാണ് ഈ ആവശ്യം ഉന്നയിച്ചത്. അനുയോജ്യമായ മറ്റൊരു ബെഞ്ചിലേക്ക് ഈ കേസ് മാറ്റണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് ഇനി തീരുമാനം എടുക്കേണ്ടത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ്. ബെഞ്ച് മാറ്റേണ്ടതുണ്ടോ ജഡ്ജിമാരെ മാറ്റി നിശ്ചയിക്കേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് എന്തു തീരുമാനം കൈകൊള്ളുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
മുതിര്‍ന്ന ജഡ്ജിമാരെ മാറ്റി നിര്‍ത്തി ജുനിയറായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് ഈ കേസ് നേരത്തെ നല്‍കിയിരുന്നത്. ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ ആണ് ബെഞ്ചിലെ മറ്റൊരംഗം. പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തില്‍ വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ബെഞ്ച് മാറ്റണമെന്ന് ഇവര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടതെന്ന് കരുതപ്പെടുന്നു.
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ജസ്റ്റിസ് ലോയ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ സുപ്രീം കോടതിയിലെ ഒരു മുതിര്‍ന്ന ജഡ്ജിയെ പോലും ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുത്താതിരുന്നതാണ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന്.
അപ്രതീക്ഷിതമായി ഉണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജഡ്ജിമാരുടെ ഒത്തുചേരലിനിടെ ജസ്റ്റിസ് അരുണ്‍ മിശ്ര കരഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. തന്റെ കാര്യക്ഷമത അന്യായമായി ചോദ്യം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞായിരുന്നു അദ്ദേഹം വിതുമ്പിയത്. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ജെ ചലമേശ്വര്‍ അടക്കമുള്ള മുതിര്‍ന്ന ജഡ്ജിമാര്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.