ന്യൂദല്‍ഹി- ദല്‍ഹിയിലെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. നല്ല കുടിക്കാഴ്ച ആയിരുന്നുവെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒന്നിക്കേണ്ടതുണെന്നും മമത പറഞ്ഞു. എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അവര്‍ ആവശ്യപ്പെട്ടു. 2024ലെ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായ പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച. രണ്ടു മാസം മുമ്പ് നടന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും പരസ്പരം ഏറ്റുമുട്ടിയതിനു ശേഷം ആദ്യമാണ് മമത സോണിയയെ കണ്ടത്.
മമത-സോണിയ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ദല്‍ഹിയിലെത്തിയ മമത കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍ നാഥിനേയും ആനന്ദ് ശര്‍മയേയും സന്ദര്‍ശിച്ചിരുന്നു. ബംഗാളിലെ ബിജെപിയെ തറപ്പറ്റിച്ച മിന്നും തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ബിജെപിക്കെതിരായ പ്രതിപക്ഷ നിരയില്‍ മമത സുപ്രധാന നേതാവായി മാറിയിരിക്കുകയാണ്. സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് ബിജെപി നടത്തിയ തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ അവരെ ആക്രമോത്സുകമായി നേരിടുകയും തറപ്പറ്റിക്കുകയും ചെയ്ത മമതയുടെ മാതൃക കേന്ദ്രത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും പയറ്റാവുന്നതാണ് എന്നാണ് പൊതു വിലയിരുത്തല്‍.
പൊതുതെരഞ്ഞെടുപ്പു വന്നാല്‍ പോരാട്ടം മോഡിയും രാജ്യവും തമ്മിലായിരിക്കുമെന്ന് മമത പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഒരു പൊതു പ്ലാറ്റ്‌ഫോം ആവശ്യമാണ്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനേയും കാണുന്നുണ്ടെന്നും മമത പറഞ്ഞു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന ചോദ്യത്തിന് താന്‍ രാഷ്ട്രീയ ജോത്സ്യനല്ലെന്നും അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്നുമായിരുന്നു മമതയുടെ മറുപടി.