ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുപ്പക്കാരനയതിന്റെ പേരില്‍ പഴികേട്ട മുന്‍ വിവാദ സിബിഐ ഉപമേധാവിയും ഇപ്പോള്‍ ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ഡയറക്ടര്‍ ജനറലുമായ രാകേഷ് അസ്താനയെ ദല്‍ഹി പോലീസ് മേധാവിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം പുതിയ പദവയില്‍ അസ്താനയെ നിയമിച്ചത്. സര്‍വീസ് നീട്ടിനല്‍കുന്നത് പൊതുതാല്‍പര്യം പരിഗണിച്ചാണെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.
വിരമിക്കാനിരിക്കുന്നതിന്റെ പേരില്‍ രണ്ടു മാസം മുമ്പ് സിബിഐ മേധാവി സ്ഥാനത്തേക്കുള്ള പരിഗണനാ പട്ടികയില്‍ നിന്ന് അസ്താനയെ മാറ്റിയിരുന്നു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അസ്താനയെ മാറ്റിയത്. ആറു മാസത്തില്‍ താഴെ മാത്രം സര്‍വീസ് കാലാവധി ബാക്കിയുള്ള ഉദ്യോഗസ്ഥരെ പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിയോജിപ്പ്. ഇത് മറികടക്കാന്‍ ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കിയാണ് അസ്താനയെ ഇപ്പോള്‍ ദല്‍ഹി പോലീസായി നിയമിച്ചിരിക്കുന്നത്.
പ്രത്യേക പരിഗണന നല്‍കിയാണ് അസ്താനയ്ക്ക് സര്‍വീസ് നീട്ടിനല്‍കിയത്. പ്രധാനമന്ത്രി മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടുന്ന മന്ത്രിസഭാ സമിതിയാണ് നിയമിച്ചത്. ദല്‍ഹി പോലീസ് സേനയ്ക്കു പുറത്തുള്ള അസ്താനയെ മേധാവിയായി നിയമിച്ചത് പലരേയും ആശ്ചര്യപ്പെടുത്തി. പുറത്തു നിന്നുള്ള കേഡറില്‍ നിന്ന് ഈ പദവിയിലെത്തുന്ന മൂന്നാമത്തെ ഓഫീസറാണ് അസ്താന.
1984 ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസറായ രാകേഷ് അസ്താന 2014ല്‍ കേന്ദ്രത്തില്‍ മോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമാണ് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായി ഗുജറാത്തിന് പുറത്തെത്തിയത്. സിബിഐയില്‍ ഇങ്ങനെ പ്രത്യേക പദവിയില്‍ അസ്താനയെ നിയമിക്കുന്നതിനെതിരെ അന്ന് സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ എതിര്‍ത്തിരുന്നു. എന്നാല്‍ മോഡിയുടെ കണ്ണിലുണ്ണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അസ്താന സിബിഐ ഉപമേധാവി എന്ന പദവിയില്‍ തുടര്‍ന്നു. തുടര്‍ന്ന് അലോക് വര്‍മയും അസ്താനയും തമ്മില്‍ പരസ്പരം നിയമ പോരാട്ടങ്ങളും നടന്നു. ബിജെപി നേതാക്കളുമായി ബന്ധമുള്ള കേസ് അന്വേഷണങ്ങളിലെ ഇടപെടലിനെ ചൊല്ലിയുള്ള ഈ പോര് കോടതി വരെ എത്തിയിരുന്നു.