റാസല്‍ഖൈമ - താനുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് നടന്‍ മുകേഷ്, മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്നും ഇതു മാത്രമാണ് ഇപ്പോള്‍ തന്റെ പ്രതികരണമെന്നും നടി സരിത. വര്‍ഷങ്ങളായി യു.എഇയിലെ റാസല്‍ഖൈമയിലാണ് സരിത താമസിക്കുന്നത്.
മൂത്തമകന്റെ എം.ബി.ബി.എസ് പഠനത്തിനാണ് 10 വര്‍ഷം മുമ്പ് സരിത യു.എ.ഇയിലെത്തിയത്. മകന്‍ പിന്നീട് പഠനം പൂര്‍ത്തിയാക്കി. രണ്ടാമത്തെ മകന്‍ ബി.ബി.എം ബിരുദ ധാരിയാണ്. ഭാര്യ നിലവിലിരിക്കെ മറ്റൊരു വിവാഹം ചെയ്തതിനെതിരെ സരിത നല്‍കിയ കേസ് കൊച്ചി കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു. പക്ഷേ, ഇതുവരെ നടപടിയുണ്ടായില്ല.
2016 ല്‍ മുകേഷ് കൊല്ലത്ത് നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങിയപ്പോള്‍ മേയ് 15ന് സരിത ദുബായില്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാള്‍ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്നാണ് അവര്‍ ചോദിച്ചത്.
മുകേഷ് കടുത്ത മദ്യപനാണെന്നും അന്യ സ്ത്രീകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നതായും അന്ന് സരിത ആരോപിച്ചിരുന്നു. മുകേഷിന്റെ കടുത്ത മദ്യപാനം ദേവികയും വിവാഹമോചന അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നാണ് വിവരം.