ന്യൂദല്‍ഹി- ലഖ്നൗ മെഡിക്കല്‍ കോളേജ് കോഴക്കേസുമായി ബന്ധമുള്ള ഒരു ജഡ്ജിക്കെതിരെ കേസെടുക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സിബിഐയെ തടഞ്ഞുവെന്നാരോപിച്ച് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പരാതി നല്‍കി.
ചീഫ് ജസ്റ്റിസിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പരാതി. അന്വേഷണം ആവശ്യമാണെന്നതിന് ഗൗരവമേറിയ പ്രാഥമിക തെളിവുണ്ട്. ഹരജി പിന്‍വലിച്ച് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ പ്രസാദ് എജുക്കേഷന്‍ ട്രസ്റ്റിനെ ആദ്യം അനുവദിച്ചത് ചീഫ് ജസ്റ്റിസാണ്- ഭൂഷണ്‍ പറഞ്ഞു.
മുന്‍ ഹൈക്കോടതി ജഡ്ജി ഐ എം ഖുദ്സിയും മറ്റൊരു ഇടനിലക്കാരനും തമ്മിലുള്ള സംഭാഷണം സിബിഐയുടെ പക്കലുണ്ട്. ജഡ്ജിക്ക് കോഴ നല്‍കാനുള്ള ഗൂഡാലോചന ഈ സംഭാഷണത്തില്‍ വ്യക്തമാണമെന്നും അദ്ദേഹം പറഞ്ഞു. 2017 സെപ്തംബര്‍ ആറിന് ഈ ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി സിബിഐ ചീഫ് ജസ്റ്റിസിനെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അനുമതി നല്‍കിയില്ല.
സിബിഐക്കു ലഭിച്ച ഫോണ്‍ സംഭാഷണങ്ങള്‍ നേരത്തെ കേസില്‍ അറസ്റ്റിലായ മുന്‍ ഒഡീഷ ഹൈക്കോടതി ജഡ്ജി ഖുദ്സിയും ഇടനിലക്കാന്‍ വിശ്വനാഥ് അഗര്‍വാലയും പ്രസാദ് എജുക്കേഷന്‍ ട്രസ്റ്റിലെ ബി പി യാദവും തമ്മിലുള്ളതാണ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വിദ്യാര്‍ത്ഥി പ്രവേശം തടഞ്ഞ മെഡിക്കല്‍ കോളേജ് ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതിനെതിരെ ട്രസ്റ്റ് അലഹബാദ് ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചിരന്നു.
ചീഫ് ജസ്റ്റിസിന് ഈ ഗൂഢാലോചനകളില്‍ പങ്കുണ്ട് എന്നല്ല പറയുന്നതെന്നും ഈ സാഹചര്യങ്ങള്‍ അദ്ദേഹത്തിനെതിരെ അന്വേഷണം ആവശ്യപ്പെടുന്നുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ആരോപണ വിധേയനായ ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത് വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. ഇത് ഒരു ആഭ്യന്തര അന്വേഷണത്തോളം മാത്രമെ പ്രാധാന്യമുണ്ടായിരുന്നുള്ളൂ എങ്കില്‍ രേഖാ മൂലം തെളിവുകള്‍ ഹാജരാക്കിയിട്ടും സിബിഐയെ കേസെടുക്കാന്‍ അനുവദിക്കാതിരുന്നത് എന്ത് കൊണ്ട്- അദ്ദേഹം ചോദിച്ചു.