ചെന്നൈ- നടന്‍ കമല്‍ ഹാസന്റെ തമിഴ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം ഫെബ്രുവരി 21-നായിരിക്കുമെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുന്ന ഈ ദിവസം തന്നെ സംസ്ഥാനത്തുടനീളം അദ്ദേഹം നടത്തുന്ന പര്യടനത്തിനും തുടക്കം കുറിക്കും.
സ്വദേശമായ രാമനാഥപുരത്തു നിന്നായിരിക്കും തുടക്കം. എന്റെ യാത്ര ആരംഭിക്കുന്ന ദിവസം തന്നെ പാര്‍ട്ടിയുടെ പേരും രാഷ്ട്രീയ നയ നിലപാടുകളും പ്രഖ്യാപിക്കും- കമല്‍ ചൊവ്വാഴ്ച പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു. തമിഴ് രാഷ്ട്രീയത്തെ അപചയത്തിലേക്ക് നയിക്കുന്ന പ്രവണതകളെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകണം. അതിനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങള്‍ എന്തെല്ലാമാണ്, അവരെ ബാധിക്കുന്ന പ്രശ്നങ്ങളെന്താണ്, അവരുടെ പ്രതീക്ഷ എന്താണ് തുടങ്ങിയ കാര്യങ്ങള്‍ നേരിട്ടറിയാനാണ് സംസ്ഥാന വ്യാപകമായി പര്യടനം സംഘടിപ്പിക്കുന്നത്. ജനങ്ങളെ നേരിട്ടു കാണുന്ന ഈ യാത്ര വലിയ വിപ്ലവമോ ഗ്ലാമര്‍ പരിപാടിയോ അല്ല. ഇത് എനിക്ക് പഠിക്കാനും ജനങ്ങളെ മനസ്സിലാക്കാനുമുള്ള ലളിതമായ ഒരു അവസരമായാണ് കാണുന്നത്- അദ്ദേഹം പറഞ്ഞു.