ദുബായ്- അനധികൃതമായി ദുബായിലേക്ക് വൻതോതിൽ പണം കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് യുവതിക്ക് ജയിൽ ശിക്ഷ. താര ഹാൻലോൺ എന്ന യുവതിയെ ആണ് ഐസിൽവർത്ത് ക്രൗൺ കോടതി 34 മാസം കഠിന തടവിന് ശിക്ഷിച്ചത്.
2020 ഒക്ടോബറിൽ ഒരു കൂട്ടുകാരനോടൊപ്പം ദുബായിലേക്ക് വിമാനം കയറാനിരിക്കെ ലണ്ടനിലെ ഹീത്രു എയർപോർട്ടിൽവെച്ചാണ് ഹാൻലോൺ പിടിയിലാകുന്നത്. സ്യൂട്ട്കെയ്സിൽ വിദഗ്ധമായി ഒളിപ്പിച്ച 1.9 മില്യൺ സ്റ്റെർലിംഗ് (2.6 മില്യൺ യു.എസ് ഡോളർ) കസ്റ്റംസ് അധികൃതർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
വടക്കൻ ഇംഗ്ലണ്ടിലെ ലീഡ്സിൽനിന്നുള്ള യുവതി റിക്രൂട്ട്മെന്റ് ഏജന്റായാണ് യു.എ.ഇയിൽ ജോലി ചെയ്തിരുന്നത്. 2020ൽ താൻ മൂന്ന് യാത്രകളിലായി യു.എ.ഇയിലേക്ക് 3.6 മില്യൺ സ്റ്റെർലിംഗ് കടത്തിയതായി ഹാൻലോൺ കോടതിക്ക് മുമ്പാകെ കുറ്റസമ്മതം നടത്തി. നാലാമത്തെയും അവസാനത്തെയും യാത്രക്കിടെയാണ് വൻതുകയുമായി ഹാൻലോൺ പിടിയിലായത്.