ന്യൂദല്‍ഹി- ഫൈസര്‍, ആസ്ട്രസെനക കോവിഡ് വാക്‌സിന്‍ പൂര്‍ണമായും സ്വീകരിച്ചവരുടെ കോവിഡ് പ്രതിരോധ ശേഷി ആറ് ആഴ്ചയോടെ ഗണ്യമായി കുറയുന്നതായി പുതിയ പഠനം. ഈ വാക്‌സിനുകള്‍ സ്വീകരിച്ചവരുടെ ശരീരത്തിലെ ആന്റിബോഡി നില 10 ആഴ്ചയ്ക്കു ശേഷം 50 ശതമാനം വരെ കുറയുന്നതായാണ് കണ്ടെത്തിയതെന്ന് പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഈ തോതില്‍ ആന്റിബോഡി കുറഞ്ഞാല്‍ വാക്‌സിന്‍ നല്‍കുന്ന പ്രതിരോധവും ഇല്ലാതാകുമെന്നും പ്രത്യേകിച്ച് പുതിയ വൈറസ് വകഭേദഗങ്ങളെ പ്രതിരോധിക്കാനാകില്ലെന്നും പഠനം നടത്തിയ യൂണിവേഴ്‌സിറ്റി കോളെജ് ലണ്ടനിലെ (യുസിഎല്‍) ഗവേഷകര്‍ പറയുന്നു. എന്നാല്‍ എത്ര വേഗത്തിലാണ് പ്രതിരോധം നഷ്ടമാകുക എന്ന് പ്രവചിക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഈ രണ്ട് വാക്‌സിനുകളും സ്വീകരിച്ചവരുടെ ശരീരത്തില്‍ ആദ്യഘട്ടത്തില്‍ വളരെ ഉയര്‍ന്ന അളവില്‍ ആന്റിബോഡി കണ്ടെത്തിയെങ്കിലും രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം ഇത് ഗണ്യമായി കുറഞ്ഞുവരുന്നുണ്ട്- പഠന സംഘത്തിലുണ്ടായിരുന്ന യുസിഎല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഇന്‍ഫൊര്‍മാറ്റിക്‌സിലെ ഗവേഷക മധുമിത ശ്രോത്രി പറഞ്ഞു.
ഫൈസര്‍ വാക്‌സിന്റെ രണ്ടു ഡോസുകള്‍ സ്വീകരിക്കുന്നതോടെ ശരീരത്തിലെ ആന്റിബോഡി തോത് ഗണ്യമായി വര്‍ധിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ ആസ്ട്രസെനക വാക്‌സിന്‍ സ്വീകരിച്ചവരുടെ ആന്റിബോഡി തോത് ഈ അളവില്‍ വര്‍ധിക്കുന്നില്ല. കോവിഡ് പിടിപെട്ട് സുഖപ്പെട്ടവരുടെ ശരീരത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ ആന്റിബോഡി വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഉള്ളതായും കണ്ടെത്തി.