Sorry, you need to enable JavaScript to visit this website.

ഖാപ് പഞ്ചായത്തുകള്‍ നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി; വിവാഹം ചോദ്യം ചെയ്യാന്‍ അധികാരമില്ല

ന്യൂദല്‍ഹി- മുതിര്‍ന്ന സ്ത്രീ പുരുഷന്മാരുടെ വിവാഹം ചോദ്യം ചെയ്യാന്‍ സമൂഹത്തിനോ ഖാപ് പഞ്ചായത്ത് എന്ന നാട്ടുകോടതികള്‍ക്കോ അധികാരമില്ലെന്ന് സുപ്രീം കോടതി.  ജാതികള്‍ തമ്മിലുള്ള വിവാഹങ്ങളില്‍ ഇടപെടുന്നത് തീര്‍ത്തും നിയമ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ സ്വാധീനമുള്ള ഖാപ് പഞ്ചായത്തുകള്‍ക്കെതിരായ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഖാപ് പഞ്ചായത്തുകള്‍ നിരോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കിലും  ഇടപെടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി.
മിശ്രവിവാഹിതര്‍ പ്രായപൂര്‍ത്തിയായവരാണെങ്കില്‍ അവര്‍ക്ക് വിവാഹം കഴിക്കാന്‍ യാതൊരു തടസ്സവുമില്ല.  ഇവരെ വിളിച്ചുവരുത്താനോ എതിര്‍നടപടികള്‍ സ്വീകരിക്കാനോ ഖാപ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ബെഞ്ച് വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ യുവതീ യുവാക്കള്‍ക്ക് ഇഷ്ട പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനെ എതിര്‍ക്കാന്‍ ഖാപ് പഞ്ചായത്തുകള്‍ക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ദുരഭിമാനക്കൊലയടക്കമുള്ള ഇത്തരം കേസുകള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉടന്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന പല ഉത്തരവുകള്‍ക്കും കുപ്രസിദ്ധി നേടിയ നാട്ടുകോടതികളാണ് ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തുകള്‍. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും വിലക്കിയുള്ള ഖാപ് പഞ്ചായത്ത് ഉത്തരവുകള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്്. പോലീസിനേയും അധികൃതരേയും നോക്കുകുത്തികളാക്കി കുറ്റകൃത്യങ്ങള്‍ക്ക് പ്രാകൃത ശിക്ഷാ മുറകളും ഇത്തരം നാട്ടു കോടതികള്‍ വിധിക്കാറുണ്ട്. പാരമ്പര്യം നിരസിച്ച് വിവാഹിതരാകുന്ന ദമ്പതികളെ കൊലപ്പെടുത്തുന്നതും പല ഖാപ് പഞ്ചായത്തുകളും പ്രോത്സാഹിപ്പിക്കുന്നു. ദുരഭിമാനക്കൊലകളേയും ഇവര്‍ പിന്തുണയ്ക്കുന്നുണ്ട്. ഇങ്ങനെ ആണെങ്കിലും രാഷ്ട്രീയ നേതൃത്വവും പോലീസും ഇവര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍നിന്ന് വിട്ടു നില്‍ക്കുകയാണ് പതിവ്. ചിലയിടങ്ങളില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയും ഇത്തരം നാട്ടു കോടതികള്‍ക്കുണ്ട്.
2016 ല്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഖാപ് പഞ്ചായത്തുകളെ സാമൂഹിക പരിവര്‍ത്തനത്തിനുള്ള മികച്ച ഉപകരണമായി വിശേഷിപ്പിച്ചിരുന്നു. ഖാപ് പഞ്ചായത്തുകള്‍ നിയമ വിരുദ്ധമാണെന്ന് നേരത്തേയും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവര്‍ ഉത്തരവിടുന്ന ദുരഭിമാന കൊലപാതകങ്ങള്‍ നാണക്കേടും പ്രാകൃതവുമാണെന്നും കോടതി പറഞ്ഞിരുന്നു. ഇവരെ തടയുന്നതില്‍ പരാജയപ്പെടുന്ന പോലീസിനേയും ഉദ്യോഗസ്ഥരേയും ശിക്ഷിക്കണമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

 

Latest News